Wednesday, November 18, 2015

വെറുക്കാതിരിക്കാന്‍ പഠിക്കാം

വെറുപ്പ്  മുറിവേല്‍പ്പിക്കുക, വെറുക്കപ്പെടുന്നവനേക്കാള്‍ വെറുക്കുന്നവനെ തന്നെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യം. 
ഒരിക്കലൊരു ക്ളാസില്‍ ടീച്ചര്‍ കുട്ടികളെ പുതിയൊരു കളി പഠിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. 
"നാളെ വരുമ്പോള്‍ എല്ലാവരും ഓരോ പ്ളാസ്റ്റിക് സഞ്ചി കൊണ്ടുവരണം"-ടീച്ചര്‍ പറഞ്ഞു. 
"എന്നിട്ട് ആ സഞ്ചിയില്‍ നിങ്ങള്‍ക്ക് ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെയൊക്കെ പേരെഴുതിയ ഉരുളക്കിഴങ്ങുകള്‍ വെക്കണം - എത്ര പേരോട് ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകള്‍!-ടീച്ചര്‍ തുടര്‍ന്നു. കുട്ടികള്‍ ആകാംക്ഷയോടെ നിര്‍ദേശങ്ങള്‍ കേട്ടിരുന്നു. 
"എന്നിട്ട് ഉരുളക്കിഴങ്ങിട്ട ആ സഞ്ചി വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങള്‍ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ കൊണ്ടുപോകണം, എന്താ സമ്മതമല്ളേ-ടീച്ചര്‍ ചോദിച്ചു.  
കുട്ടികള്‍ക്കും പുതിയ കളി ഇഷ്ടമായി. 

സ്കൂള്‍ കഴിഞ്ഞ് വീട്ടിലത്തെിയ കുട്ടികള്‍ അവര്‍ക്ക ്ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച് കിഴങ്ങുകള്‍ സഞ്ചിയിലാക്കി. 
പിന്നെ ആ സഞ്ചിയുമായായി എല്ലായിടത്തും അവരുടെ നടത്തം. 
അങ്ങിനെ ടീച്ചര്‍ പറഞ്ഞ പ്രകാരം ഒടുവില്‍ കളിതീരുന്ന ദിവസമത്തെി. 
ക്ളാസിലത്തെിയ കുട്ടികളോട് ടീച്ചര്‍ പറഞ്ഞു- "ദേഷ്യമുള്ളവരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്‍്റെ അനുഭവങ്ങള്‍ പറയൂ. 
കുട്ടികളോരോരുത്തരും അവരവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. 
കൂടുതല്‍ ആളുകളോട് ദേഷ്യമുണ്ടായതിനാല്‍ കുറേയേറെ കിഴങ്ങുകള്‍ കൊണ്ടുനടക്കേണ്ടി വന്നതിനാല്‍ യാത്രകളില്‍ സഞ്ചിയുടെ ഭാരം അസഹനീയമായിത്തോന്നിയതായി ചിലര്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ കിഴങ്ങുകള്‍ ചീഞ്ഞുതുടങ്ങിയതായി കുട്ടികളെല്ലാവരും പരാതിപ്പെട്ടു. അതോടെ കിഴങ്ങുകളുടെ ദുര്‍ഗന്ധവും വലിയ പ്രയാസമുണ്ടാക്കി-കുട്ടികളെല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെട്ടു. ചീഞളിഞ്ഞ ഉരുളക്കിഴങ്ങ് സഞ്ചിയും തൂക്കി കൊണ്ടുനടക്കേണ്ടി വന്നത് കാരണം ജീവിതം തന്നെ വലിയ കഷ്ടപ്പാടിലായതായും കുട്ടികളെല്ലാവരും പറഞ്ഞു.
 അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: "കുഞ്ഞുങ്ങളേ, ആളുകളോടുള്ള വെറുപ്പ് നമ്മുടെ മനസ്സുകളില്‍ സൂക്ഷിക്കുമ്പോള്‍ സംഭവിക്കുന്നതും ഇത് തന്നെയാണ്. അത് നിങ്ങള്‍ എവിടെ പോകുമ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. അത് മനസ്സിന് വലിയ ഭാരമുണ്ടാക്കും. ദിവസങ്ങള്‍ കഴിയുന്തോറും  മറ്റുള്ളവരോടുള്ള ദേഷ്യവും വെറുപ്പും പകയുമൊക്കെ മനസ്സിലിരുന്ന് ചീഞ്ഞളിഞ്ഞ് ഹൃദയത്തെ ദുര്‍ഗന്ധപൂരിതമാക്കും .  വെറും രണ്ടാഴ്ച്ച ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ നിങ്ങള്‍ക്ക് കൂടെക്കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മറ്റുള്ളവരോടുള്ള വെറുപ്പ് ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങിനെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും!!!

വെറുപ്പിനെ വെറുപ്പുകൊണ്ട് അകറ്റാന്‍ കഴിയില്ല, സ്നേഹം കൊണ്ടേ കഴിയൂ- മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

 (ആശയത്തിന് വാട്സ്ആപ്പിലെ അജ്ഞാതനോട് കടപ്പാട്)

Wednesday, November 11, 2015

കരിയറില്‍ വിജയിക്കാന്‍ എട്ട് വഴികള്‍


  1.  രാവിലെ നേരത്തേ എഴുന്നേല്‍ക്കുക. ഊര്‍ജ്ജസ്വലമായി ദിവസം തുടങ്ങാന്‍ അത് സഹായിക്കും. അപ്പോള്‍ ചിന്തകള്‍ വ്യക്തവും നവീനവുമാവും. 
  2. നിങ്ങളൊരു സംഘത്തെ നയിക്കുന്നയാളാണെങ്കില്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും വിഭജിച്ചുനല്‍കുക. കൂടെ ജോലി ചെയ്യുന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാനും അത് സഹായിക്കും.
  3. എപ്പോഴും ഒരു മാര്‍ഗദര്‍ശകന്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അദ്ദേഹവുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുകയും ഉപദേശങ്ങള്‍ തേടുകയും വേണം. 
  4. സദാ ജിജ്ഞാസ നിലനിര്‍ത്തുക. അത് അവസരങ്ങളും സാധ്യതകളും തുറന്നുതരും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും പുതിയ അറിവുകള്‍ തേടുകയും ചെയ്യുക. 
  5. നല്ല കേള്‍വിക്കാരനാവുക. സംഘാങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവസാന തീരുമാനം രൂപപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുക. 
  6. ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കുക. അവയില്‍ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടാവണം. അവ നേടിയെടുക്കാന്‍ ആസൂത്രണവും നടത്തണം. 
  7. ധൈര്യമാണെല്ലാം. ലക്ഷ്യം നേടുന്നത് വരെ ധൈര്യപൂര്‍വം പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
  8. കഴിയുന്നത്ര വേഗം 'നോ' എന്ന വാക്കുമായി സൗഹാര്‍ദത്തിലാവുക. വേണ്ടിടത്ത് 'നോ' പറയാന്‍ ഒരിക്കലും മടിക്കരുത്. നിരന്തരപരിശീലനത്തിലൂടെയേ ഇത് സാധ്യമാവൂ. 


Tuesday, November 10, 2015

അധികാരം വിനയം നിറക്കട്ടെ...

ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഖലീഫയായ ഉമര്‍ ഒരിക്കല്‍ ജനങ്ങളുമായി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ സദസ്യരില്‍ ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു. ഖലീഫ, താങ്കളോട്‌ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്‌. ചോദിക്കൂ-ഖലീഫ പറഞ്ഞു. ഉമറേ ഞങ്ങള്‍ക്കെല്ലാം കിട്ടിയ തുണിയുടെ ഇരട്ടിയോളം തുണിയുപയോഗിച്ചാണല്ലോ താങ്കള്‍ വസ്‌ത്രം തുന്നിയിരിക്കുന്നത്‌. താങ്കള്‍ അനീതിയാണ്‌ ചെയ്‌തിരിക്കുന്നതെങ്കില്‍ താങ്കളുടെ ഉപദേശം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ട്‌-അയാള്‍ പറഞ്ഞു. വസ്‌ത്രത്തിന്‌ കടുത്ത ക്ഷാമം അനുഭവിക്കുന്ന കാലമായിരുന്നു അത്‌. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ നിശ്ചിത അളവ്‌ തുണി ജനങ്ങള്‍ക്ക്‌ റേഷനായാണ്‌ നല്‍കിയിരുന്നത്‌. സാധാരണയില്‍ കവിഞ്ഞ നീളമുള്ള വസ്‌ത്രം ഖലീഫ ധരിച്ചത്‌ കണ്ടപ്പോള്‍ സ്വാഭാവികമായുണ്ടായ സംശയമാണ്‌ അയാളെക്കൊണ്ടങ്ങിനെ ചോദിപ്പിച്ചത്‌. 

അപ്പോള്‍ ഉമര്‍ സദസ്യരോട്‌ ചോദിച്ചു-ഇനി സത്യത്തില്‍ ഞാന്‍ രണ്ടുപേരുടെ തുണി എടുത്തിരുന്നെങ്കിലോ? ഇതുകേട്ട സദസ്യരിലൊരാള്‍ എഴുന്നേറ്റ്‌ വാളൂരിക്കൊണ്ട്‌ പറഞ്ഞു-എങ്കിലീ വാളുകൊണ്ട്‌ ഞാന്‍ താങ്കളുടെ തലയെടുക്കുമായിരുന്നു. അതുകേട്ട ഉമര്‍ ചോദിച്ചു-നിങ്ങള്‍ ആരോടാണ്‌ സംസാരിക്കുന്നതെന്നറിയുമോ? തീര്‍ച്ചയായും, ഖലീഫയായ ഉമറിനോടു തന്നെ-അയാള്‍ സംശയലേശമന്യേ പറഞ്ഞു. 
ഇതു കേട്ട ഉമറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു- എന്റെ പക്കല്‍ നിന്നുണ്ടാകാവുന്ന തെറ്റുകളെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവരെ എന്റെ സമൂഹത്തില്‍ നിലനിര്‍ത്തിയ അല്ലാഹുവേ നിനക്ക്‌ നന്ദി. എന്നിട്ടദ്ദേഹം നന്ദി സൂചകമായി സാംഷ്ടാംഗ പ്രണാമം നടത്തിയ ശേഷം പ്രസംഗം തുടര്‍ന്നു.
'അധികാരം ആളുകളെയും സംഘങ്ങളെയും ദുഷിപ്പിക്കും, പരമാധികാരം പരമമായും ദുഷിപ്പിക്കും' എന്ന ചൊല്ല്‌ നാം പലപ്പോഴും ഉദ്ധരിക്കാറുണ്ട്‌. നിത്യജീവിതത്തില്‍ ഒട്ടേറെ തവണ പലരുമത്‌ അനുഭവിച്ചിട്ടുമുണ്ടാകും. എന്നാല്‍ അങ്ങിനെയല്ലാത്തവരും ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഇത്തരം ചിത്രങ്ങള്‍. ചോദ്യങ്ങളെ പേടിക്കുകയും അവയോട്‌ അസഹിഷ്‌ണുത തോന്നുകയും ചെയ്യുന്ന ആ നിമിഷം മനസ്സിലാക്കുക, അധികാരം നിങ്ങളെ ദുഷിപ്പിച്ച്‌ തുടങ്ങിയെന്ന്‌... 


മറുപടി പറയാതെ ഉടന്‍ ഖലീഫ മകനെ വിളിക്കുകയായിരുന്നു. സദസ്സില്‍ എഴുന്നേറ്റ്‌ നിന്ന മകന്‍ പറഞ്ഞു-എനിക്ക്‌ ലഭിച്ച തുണി ഞാന്‍ ഉപ്പയ്‌ക്ക്‌ നല്‍കിയിരുന്നു. അതുകൂടി ചേര്‍ത്താണ്‌ ഉപ്പ കുപ്പായം തുന്നിയത്‌. മകന്റെ മറുപടിയില്‍ ചോദിച്ചയാള്‍ക്കും സദസ്സിനും സത്യം ബോധ്യപ്പെട്ടു.

Thursday, June 6, 2013

മനം നിറയെ മഴ നനയാം...

  ...ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി, ചില ദിക്കില്‍ കരിങ്കൂവളപ്പൂക്കളുടെ ഇതളുകള്‍ പോലെ, ചില ദിക്കില്‍ വെട്ടിപ്പൊളിച്ച അഞ്ജനക്കൂട്ടങ്ങള്‍ പോലെ. മറ്റു ചിലയിടങ്ങളില്‍ ഗര്‍ഭിണികളുടെ സ്തനം പോലെയും അവ പരിലസിച്ചു. ദാഹിച്ചുവലഞ്ഞ വേഴാമ്പലിന്റെ യാചന കേട്ട് മേഘം മഴത്തുള്ളികളായി ഇമ്പമായ ശബ്ദത്തോടെ താഴേക്ക് പതിക്കാന്‍ തുടങ്ങി. മനോഹരവും സുന്ദരിമാരുടെ ഹൃദയത്തെ വശീകരിക്കുന്നതും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവനുമായ ഈ മഴക്കാലം പ്രിയേ നിനക്കും ആഗ്രഹങ്ങള്‍ പൂവണിയുന്നതായി തീരട്ടെ... 
മഴനൂലുകള്‍ പോലെ മനോഹരമായ ഈ വര്‍ഷകാല വര്‍ണന കാളിദാസന്റേതാണ്. സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലുമൊക്കെ മഴയ്ക്ക് നവരസ ഭാവമാണ്. ചിലപ്പോള്‍ ശൃംഗാരം. മറ്റ് ചിലപ്പോള്‍ കരുണം, രൗദ്രം, ശാന്തം, അങ്ങിനെയങ്ങിനെ മഴവില്ലുപോലെ ഭാവങ്ങളുടെ മഴച്ചാര്‍ത്തുകള്‍ക്ക് അഴകേറെ. ഭാവനയില്‍ മലയാളിയും മഴയെ വരച്ചുവെച്ചത് എന്നും വികാരവായ്പിന്റെ ഇളം നിറങ്ങളിലാണ്. കാല്‍പനിക സൗന്ദര്യം നിറഞ്ഞ ആ വാക്കുകളില്‍ മഴ പനിനീര്‍മഴയും ഗന്ധര്‍ഗാനവുമൊക്കെയായി. പക്ഷേ ജീവിതത്തിലോ?. 


സമൃദ്ധമായ മഴയാല്‍ ഇത്രമേല്‍ അനുഗ്രഹീതമായ മറ്റേതൊരു നാടുണ്ട് കേരളം പോലെ. മണ്‍സൂണ്‍ മഴയാണ് നമ്മുടെ നാട്ടുപച്ചപ്പിന് പിന്നില്‍. പക്ഷേ മഴയുടെ കാര്യത്തില്‍ മലയാളികള്‍ പഴയ സെന്‍ കഥയിലെ വൃദ്ധയെപ്പോലെയാണ്. മഴ പെയ്താല്‍ ഇളയ മകളുടെ കാലുറ കച്ചവടം മുടങ്ങും. മഴപെയ്തില്ലെങ്കില്‍ മൂത്തവളുടെ കുടക്കച്ചവടവും മുടങ്ങും. അപ്പോള്‍ പിന്നെ മഴപെയ്താലും പെയ്തില്ലെങ്കിലും വൃദ്ധ കരയും. മഴ തിമിര്‍ത്ത് പെയ്യുന്ന കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് നാമിപ്പോള്‍. വേനല്‍ച്ചൂടില്‍ മഴയെ കൊതിച്ച അതേ നാവുകള്‍ തന്നെ ഇപ്പോള്‍ മഴയെ പഴിച്ചുതുടങ്ങിയിരിക്കുന്നു. മഴയിപ്പോള്‍ ശല്യക്കാരനായ വിരുന്നുകാരനെപ്പോലെ. പ്രത്യേകിച്ച് നഗരവാസികള്‍ക്ക്. 
മഴ ചാറിത്തുടങ്ങുമ്പോള്‍ തന്നെ ഓടിയൊളിക്കുന്നവരാണധികവും. ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ റോഡിലേക്കൊന്ന് നോക്കൂ. വാഹനങ്ങളുടെ വേഗം കൂടുന്നത് കാണാം. മഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിടുക്കവും ഉത്കണ്ഠയും തിരയിളക്കം പോലെ നിരത്തിലൊഴുകുന്ന മുഖങ്ങളിലൊക്കെ അപ്പോള്‍ തെളിയും. ഒരു മൂളിപ്പാട്ടും മൂളി നിറഞ്ഞ മനസ്സോടെ മഴ നനയുന്ന ഒരാളെയും കാണില്ല, ഒരിടത്തും. മഴയുടെ നനുത്ത കരങ്ങള്‍ നമ്മെ പുണരാനെത്തുമ്പോള്‍ ഓടിയൊളിക്കുന്നതെന്തിനാണ്. മഴയെന്നാല്‍ മലയാളിക്കിന്ന് കുട മാത്രമാണ്.. 


മഴ ജീവജലമാണ്. അനുഗ്രഹത്തിന്റെ മേഘവൃഷ്ടി. പ്രകൃതിയിലെ ഒരോ ജീവജാലവും അതിനായി കാത്തിരിക്കുന്നു. പുല്ലും പുല്‍ച്ചാടിയും തവളയും വേഴാമ്പലും മയിലുമൊക്കെ. മഴയെത്തുമ്പോള്‍ അവ പാട്ടു പാടിയും ആനന്ദനൃത്തം ചവിട്ടിയും വരവേല്‍ക്കുന്നു. പക്ഷേ മഴയെ അറിയാനും ആസ്വദിക്കാനും ഉപയോഗപ്പെടുത്താനുമുള്ള പാഠങ്ങള്‍ നാം മാത്രം മറന്നു. 'ചിലര്‍ മഴയെ അനുഭവിക്കുന്നു, മറ്റു ചിലര്‍ വെറുതേ നനയുക മാത്രം ചെയ്യുന്നു' എന്ന് ബോബ് ഡിലന്‍ പാടിയത് നമ്മെക്കുറിച്ചാണോ? മഴയുടെ കാഴ്ചയും സംഗീതവും ഗന്ധവും സ്പര്‍ശവുമൊക്കെ എത്ര അനുഭൂതിദായകമാണ്. മഴ നനയുമ്പോള്‍ ഉള്ളിലെ ദുഃഖങ്ങളകലും. നവോന്മേഷം കൈവരും. വസ്ത്രത്തിന്റെ നൂലിഴകളിലൂടെ നൂണ്ടിറങ്ങുന്ന ഒരോ മഴത്തുള്ളിയും ചര്‍മത്തെ തൊടുമ്പോള്‍ അനുഭവപ്പെടുന്ന കുളിര് പ്രകൃതിയിലെ അനന്തമായ ഊര്‍ജത്തിന്റെ കൈമാറ്റമാണ്. പുതുമഴ ഭൂമിയെ തൊടുമ്പോള്‍ ഉര്‍വരതയുടെ വശ്യഗന്ധം ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പുതുമഴയില്‍ നനഞ്ഞ് കൂമ്പി നില്‍ക്കുന്ന പ്രകൃതിയിലെ തിളക്കം അനുരാഗലോലയായ യുവതിയുടെ കണ്‍കോണ് പോലെ എത്ര മനോഹരമാണ്. കുടക്കണ്ണിലൂടെ മാത്രം മഴയെ നോക്കുന്നവര്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനുമാകില്ല..

പനി, രോഗങ്ങള്‍, അസൗകര്യം അങ്ങിനെയങ്ങിനെ മഴയോടുള്ള അനിഷ്ടത്തിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അനാവശ്യമായ മഴപ്പേടിയെ ഓംബ്രോഫോബിയ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. ഓബ്രോഫോബിയയുടെ വകഭേദമാണ് നമ്മുടെ ഈ മഴപ്പേടിയും. കുറച്ചുകാലമായി മഴക്കാലം കേരളത്തില്‍ പനിക്കാലമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞതും പരിസര ശുചിത്വത്തില്‍ മലയാളി പിന്നോക്കം പോയതുമാണതിന് കാരണം. അല്ലാതെ മഴയല്ല. സത്യത്തില്‍ മഴയൊരു രോഗവുമുണ്ടാക്കില്ല, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ഉള്ളിലെ വിഷാംശവുമൊക്കെയാണ് രോഗകാരികള്‍. മഴ നനയുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പ്രകൃതിജീവനം പറയുന്നത്. മഴനയാത്തതും വെയിലുകൊള്ളാത്തുമൊക്കെയാണ് രോഗാതുരത വര്‍ധിപ്പിക്കുന്നത്. 


ആയുര്‍വേദം പറയുന്നത് മഴവെള്ളം ദേഹത്ത് വീഴുന്നത് ക്ഷീണവും തളര്‍ച്ചയും അകറ്റുമെന്നാണ്. മഴക്കാലം വിസര്‍ഗകാലമാണ് ആയുര്‍വേദശാസ്ത്ര പ്രകാരം. ബലം ലഭിക്കുന്ന കാലം. സ്വസ്ഥചികില്‍സയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റിയ സമയം. കടുത്ത ചൂടില്‍ നിന്ന് മഴയുടെ കുളിരിലേക്ക് പൊടുന്നനെ പ്രകൃതി മാറുമ്പോള്‍ ശരീരബലം കുറയും. അപ്പോള്‍ കൃത്യമായ ഋതുചര്യകളിലൂടെ ബലം വീണ്ടെടുക്കുകയും കര്‍ശനമായ ശുചിത്വത്തിലൂടെ രോഗങ്ങളെ അകറ്റിനിറുത്തുകയും വേണം. പരമ്പരാഗതമായി മലയാളികള്‍ പാലിച്ചുവരുന്ന കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞി സേവ നല്ലൊരു ആരോഗ്യ ജീവന പദ്ധതിയാണ്. അണുബാധകള്‍ക്ക് സാധ്യത കൂടുതലുള്ള സമയമാണ് വര്‍ഷകാലമെന്നാണ് അധുനിക വൈദ്യം പറയുന്നത്. കര്‍ശനമായ വ്യക്തിശുചിത്വം പാലിച്ചാല്‍ പക്ഷേ അണുബാധയെ പേടിക്കേണ്ടി വരില്ല. മഴയെ ആസ്വദിക്കാനുമാവും. രോഗികള്‍ മഴ നനയുന്നതും അല്ലാത്തവര്‍ ദീര്‍ഘനേരം നനഞ്ഞിരിക്കുന്നതും ഒഴിവാക്കണമെന്ന് മാത്രം. മഴയെപ്പേടിച്ച് ഫുള്‍ടൈം അകത്തിരുന്നാലും അസുഖം പിടിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മഴയെപ്പേടിച്ച് മേല്‍ക്കൂരകള്‍ക്ക് കീഴെ ആളുകള്‍ തിങ്ങിക്കൂടുമ്പോള്‍ രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്നതാണ് വസ്തുത. പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്ന വര്‍ഷകാലത്ത്. 
ആരോഗ്യവാന്മാര്‍ ധൈര്യമായി മഴ നനയൂ. ശരീരത്തിലും ആത്മാവിലും മഴയുടെ കുളിരും താളവും നിറയട്ടെ. തണുക്കട്ടെ മനസ്സുകള്‍. മഴയുടെ മാജിക് നിങ്ങള്‍ തിരിച്ചറിയാതിരിക്കില്ല. 


വെയില്‍ രസകരമാണ്, മഴ ഉന്മേഷദായകവും കാറ്റോ, 
അത് നമ്മെ കരുത്തരാക്കും, മഞ്ഞ് ഹര്‍ഷോന്മാദമേകും, 
മോശം കാലാവസ്ഥ എന്നൊന്നില്ല, എല്ലാം നല്ല കാലാവസ്ഥയുടെ വകഭേദങ്ങള്‍ മാത്രം.

ജോണ്‍ റസ്‌കിന്‍

Thursday, May 16, 2013

മല്‍സരമല്ല ജീവിതം...

മല്‍സരം നഷ്ടപ്പെടുത്തുന്നത് മനഃസമാധാനമാണ്‌
ഒരു സിംഫണിയിലെ ഓരോ സംഗീതോപകരണവും മറ്റുള്ളവയോട് മല്‍സരിക്കുകയും ശബ്ദം കൊണ്ട് അവയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. എന്തായിരിക്കും ഫലം. തീര്‍ച്ചയായും അത് ഒരു സിംഫണിയായിരിക്കില്ല. പകരം അതൊരലര്‍ച്ചയായിരിക്കും. സമാനമാണിന്ന് ജീവിതത്തിന്റെ അവസ്ഥയും. എല്ലാവരും ഇന്ന് പരസ്പരം മല്‍സരത്തിലാണ്. അയല്‍ക്കാര്‍ തമ്മില്‍, ബന്ധുക്കള്‍ തമ്മില്‍, സഹപ്രവര്‍ത്തകര്‍ തമ്മില്‍, വാഹനങ്ങള്‍ തമ്മില്‍, എന്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും. എല്ലാവര്‍ക്കും ഓവര്‍ടേക്ക് ചെയ്യണം, മറ്റുള്ളവരെ പിന്നിലാക്കണം, വിജയിക്കണം. ആധുനിക ജീവിതശൈലിയുടെ മുഖമുദ്രയാണ് ഈ മല്‍സരം. ഞാനോ നീയോ ആരാണ് മികച്ചവന്‍ എന്ന ചിന്തയാണിതിന് പിന്നില്‍. മികച്ച വീട്, സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍, കാറ്, ജോലി, ഉദ്യോഗക്കയറ്റം അങ്ങിനെ മല്‍സരിക്കാന്‍ ഓരോരുത്തര്‍ക്കും എത്രയെത്രകാരണങ്ങളുണ്ട്. കൂടുതല്‍ സമ്പത്തും സൗകര്യങ്ങളും ഉള്ളവന് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം, സംതൃപ്തി; അവനാണ് മികച്ചവന്‍ എന്ന തെറ്റായ ധാരണയാണ് ജീവിതത്തെ ഇങ്ങിനെ നിരന്തര മല്‍സരവേദിയാക്കുന്നത്. പലപ്പോഴും മല്‍സരിക്കുന്നവര്‍ക്കു പോലും അറിയില്ല, അവര്‍ പരസ്പരം മല്‍സരിക്കുകയാണെന്ന്. പുറമേ ഓളങ്ങളുണ്ടാക്കാത്ത പുഴയിലെ അടിയൊഴുക്കുപോലെയത് പക്ഷേ കൂടെയുണ്ട്. ഉത്കണ്ഠയുടെയും പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ ചുഴികളൊരുക്കി അത് പലരുടെയും ജീവിതത്തെ സംഘര്‍ഷഭുമിയാക്കുന്നുണ്ട്. ഉറക്കം കെടുത്തുന്നുണ്ട്. 

മല്‍സരം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണോ? അതേ എന്നും അല്ല എന്നും ഉത്തരമുണ്ട്. മനുഷ്യന്റെ രക്തത്തില്‍ തന്നെ മല്‍സര സ്വഭാവം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നാണ് മല്‍സര വക്താക്കളുടെ വാദം. അണ്ഡത്തെ സന്ധിക്കാനുള്ള ബീജങ്ങളുടെ ഓട്ടമല്‍സരം വരെ അവര്‍ അതിന് ഉദാഹരിക്കുന്നുണ്ട്. എന്നാല്‍ മല്‍സരം ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമ്പോള്‍ വേണ്ട എന്നു തന്നെ പറയേണ്ടിവരും. ജീവിതത്തില്‍ നിന്ന് മല്‍സരം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പ്രയാസമാണ്. പക്ഷേ ജീവിതത്തിലെ അധിക മല്‍സരവും നാം സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്നതാണ്, സ്വയം തെരെഞ്ഞെടുക്കുന്നതാണ്. കാരണം വിജയിക്കേ നിലനില്‍പ്പുള്ളൂ എന്ന കാഴ്ചപ്പാടാണ്(ഭയമാണ്) നാം കുഞ്ഞുന്നാളിലേ പഠിപ്പിക്കപ്പെട്ടത്. നാം വളര്‍ത്തപ്പെട്ടതും അത്തരം അച്ചിലാണ്. സ്‌നേഹത്തിനും ശ്രദ്ധയ്ക്കും ഗ്രേഡുകള്‍ക്കും വേണ്ടി പരസ്പരം മല്‍സരിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍. പോരാത്തതിന് എക്കാലവും വീരന്മാരുടെയും വിജയികളുടെയും ഉദാത്തവത്കരിക്കപ്പെട്ട കഥകളാണ് നാലുപാടും നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്നതും. 
വിഭവ ദൗര്‍ലഭ്യമാണ് മല്‍സരത്തെ സാധുകരിക്കാന്‍ എക്കാലവും ഉന്നയിക്കപ്പെട്ടുപോരുന്ന പ്രധാന വാദം. എന്നാല്‍ അതില്‍ വലിയ കഴമ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളതില്ല' എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയാണെങ്കില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്ന് സാരം. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് ആവശ്യമുള്ളതിലേറെയാണ്. കമ്പോളവത്കരണവും മാധ്യമ സ്വധീനവുമാണ് പലപ്പോഴും ഇത്തരം അനാവശ്യ ആഗ്രഹങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഒരു മല കിട്ടിയാല്‍പോലും മനുഷ്യന്‍ രണ്ടാമതൊന്ന് ആഗ്രഹിക്കുമെന്നാണ് ചൊല്ല്. ആഗ്രഹമെന്ന വളരെ സെന്‍സിറ്റീവായ ഈ മനുഷ്യഭാവത്തെ തന്നെ ചൂഷണം ചെയ്താണ് ഇക്കാലത്ത് പ്രലോഭനത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നമുക്ക് ചുറ്റും മുളച്ചുപൊന്തുന്നതും തഴച്ചുവളരുന്നതും. 

ജീവിതത്തോട് ചെയ്യുന്നത്
എന്താണ് സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ കഴുത്തറപ്പന്‍ മല്‍സരം ജീവിതത്തോട് ചെയ്യുന്നത്? വിജയത്തിനുവേണ്ടി പലപ്പോഴും മറ്റുള്ളവരുടെ തോളില്‍ ചവിട്ടാനും, ചവിട്ടിത്താഴ്ത്താനും അത് നമ്മെ നിര്‍ബന്ധിക്കുന്നു. പരസ്പരമുള്ള സഹായവും വിവര കൈമാറ്റവും പോലും തടയപ്പെടുന്നു. എതിരാളികളെന്ന് സങ്കല്‍പിക്കുന്നവരുടെ, അവരാരുമാകട്ടെ നല്ല പരിശ്രമങ്ങള്‍ പോലും അവമതിക്കപ്പെടുന്നു. എതിരാളിയുടെ ചിന്തയെയും പ്രവൃത്തിയെയുമൊക്കെ സദാ നിരീക്ഷിക്കാനും അവനെതിരെ തന്ത്രങ്ങള്‍ മെനയാനും ജീവിതത്തിലെ വിലപ്പെട്ട സമയവും ഊര്‍ജവും ചെലവാക്കേണ്ടിവരുന്നു. പരസ്പരം താരതമ്യപ്പെടുത്തിയും വിലയിരുത്തിയും സദാ ഉത്കണ്ഠപ്പെടുന്നു. അസൂയ, അത്യാഗ്രഹം, കുറ്റബോധം, ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ചിന്തകളിലും പ്രവൃത്തിയിലും നിറയുന്നു. തത്ഫലമായി മാനസിക സമ്മര്‍ദ്ധവും വേദനയും ദുഃഖവുമൊക്കെ ജീവിതത്തിന്റെ നിത്യഭാവമായി മാറുന്നു. മല്‍സരം മുറുകുമ്പോള്‍ നഷ്ടപ്പെടുന്നത് മനഃസമാധാനം തന്നെയാണ്. ചതി, മോഷണം, അഴിമതി, കൊലപാതകം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളും സമൂഹത്തില്‍ പെരുകുന്നതും ഈ മല്‍സരമനോഭാവം മൂലമാണെന്ന് കാണാന്‍ കഴിയും. എന്തുചെയ്തും പണമുണ്ടാക്കണം, സുഖം നേടണം, മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കണം എന്ന മനോഭാവമാണ് പലകുറ്റകൃത്യങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. ജീവിതത്തെ നിരന്തരം പിരിമുറുക്കത്തിലകപ്പെടുത്തുന്നതും രോഗങ്ങളിലേക്ക് നയിക്കുന്നതുമായ ഈ മല്‍സര മനോഭാവം നമുക്ക് വേണോ. ജീവിതം ഒന്നേയുള്ളൂ എന്നോര്‍ക്കുക.
സഹകരണം നല്ല വഴി
സഹകരണമാണ് ജീവിത വിജയത്തിലേക്കുള്ള ശരിയായ വഴി, മല്‍സരമല്ല. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ പ്രമാണം. പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറിയാല്‍ വിജയം എളുപ്പമാവും. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. മനഃസമാധാനവും നഷ്ടമാകില്ല. ജീവിതത്തിന്റെ ഭാവം മല്‍സരമായി മാറുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നഷ്ടമാകുന്നത്. കൂട്ടായ്മയുടെ മധുരമാണ് ഇല്ലാതാവുന്നത്. മല്‍സര മനോഭാവത്തെ കീഴടക്കാന്‍ ആദ്യം വേണ്ടത് അത്യാഗ്രഹവും സ്വാര്‍ത്ഥതയും വെടിയലാണ്. ഉള്ളതില്‍ സംതൃപ്തനാവുക. അത് സമര്‍ത്ഥമായി വിനിയോഗിക്കുക, നിങ്ങള്‍ക്കും സഹജീവികള്‍ക്കും വേണ്ടി. ഇല്ലെങ്കില്‍ അസൂയ സ്‌നേഹരൂപേണ ജീവിതത്തിലേക്ക് കടന്നുവരും. അത് മല്‍സരവും വെറുപ്പുമായി മാറാന്‍ അധിക നേരം പിന്നെ വേണ്ടിവരില്ല. പരസ്പര ബഹുമാനം, വിശ്വാസം, ആത്മാര്‍ത്ഥത, മാനവികത ഇവയാണ് സഹകരണത്തിന് അടിസ്ഥാനപരമായി വേണ്ട മറ്റു ഗുണങ്ങള്‍. 
സഹകരണമാണ് വിജയത്തിലേക്കുള്ള വഴി

ജീവിതം ഒരു യാത്രപോലെയാണ്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ, അവരെ തോല്‍പിക്കാനോ ആണ് ആ യാത്രയിലൂടനീളം നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ യാത്ര പാഴാക്കുകയാണ്. മല്‍സര മനസ്സ് മൂലം മറ്റുള്ളവരുടെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെയാണ് വഴിമുടക്കുന്നത്. പകരം ജീവിതയാത്രയെ ആസ്വദിക്കുക. വീണുപോയവര്‍ക്ക് ഒരു കൈ സഹായം നല്‍കുക. അത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കും. കൊടുക്കുന്നത് മൂലം നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടില്ല. ഇരട്ടിയായി ലഭിക്കുകയേ ഉള്ളൂ. സ്‌നേഹമുണ്ട് എന്ന് പറയുന്നതിലല്ല കാര്യം. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നതിലാണ് സത്യസന്ധത.

Monday, May 6, 2013

ഇന്നലെയും നാളെയും പോട്ടെ, നമുക്ക് 'ഇപ്പോള്‍' ജീവിക്കാം

 രിക്കല്‍ ഒരു ജാപ്പനീസ് പടയാളിയെ ശത്രുക്കള്‍ പിടികൂടി ജയിലിലടച്ചു. ആ രാത്രി അയാള്‍ക്ക് ഒരു പോള കണ്ണടക്കാനായില്ല. പിറ്റേന്ന് പുലരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ഭീകരമായ പീഢനങ്ങളായിരുന്നു അയാളുടെ മനസ്സില്‍. ആധിപിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കവേ പണ്ടൊരിക്കലെന്നോ കണ്ട സെന്‍ഗുരുവിന്റെ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി. 'നാളെ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ല, അതൊരു മായയാണ്. ഇപ്പോള്‍, ഈ നിമിഷം, അത് മാത്രമാണ് യാഥാര്‍ത്ഥ്യം...' തിരയടങ്ങിയ കടലുപോലെ പതിയെ അയാളുടെ മനസ്സ് ശാന്തമായി. അപ്പോള്‍ അയാള്‍ക്ക് നിഴലും നിലാവും രാപ്പാടിയുടെ പാട്ടുമൊക്കെ ആസ്വദിക്കാനായി. ഇലയനങ്ങാതെ, ഇമയറിയാതെ ഉറക്കം അയാളെ കൂട്ടിക്കൊണ്ടുപോയി. 

ഈ അശാന്തനായ പടയാളിയെപ്പോലെയാണ് നമ്മിലധികം പേരും. ഭൂതത്തിന്റെയും ഭാവിയുടെയും തടവറയില്‍ ജീവിക്കുന്നവര്‍. വര്‍ത്തമാനത്തില്‍ ജീവിക്കുന്നവര്‍ വളരെക്കുറച്ചുമാത്രം. ഒരിക്കല്‍ ബുദ്ധന്‍ പറഞ്ഞു, 'വരാനിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിലും കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കുന്നതിലുമല്ല മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യരഹസ്യം, ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാര്‍ത്ഥതയോടും ജീവിക്കുന്നതിലാണ്'. ആലോചിച്ച് നോക്കൂ. നമ്മുടെ പ്രശ്‌നങ്ങള്‍ക്കധികവും കാരണമിതുതന്നെയല്ലേ. ജീവിതത്തിന്റെ മനോഹാരിത നശിപ്പിക്കുന്നത് ഈ അനാവശ്യ ചിന്തകളല്ലേ. പിരിമുറുക്കവും കോപവും അസ്വസ്ഥതകളുമാണതിന്റെ അനന്തരഫലം.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഇന്നലെയും നാളെയും. ഒന്നാമത്തേത് കഴിഞ്ഞുപോയതാണ്. അതിലിനി നമുക്ക് ഒന്നും ചെയ്യാനില്ല, ചെയ്യാനാവുകയുമില്ല. രണ്ടാമത്തേത് വരാനുള്ളതാണ്. 'നാളെകള്‍ ഒരിക്കലും വരുന്നില്ല' എന്ന് കേട്ടിട്ടില്ലേ. നാളെ എന്നത് ഒരു കണ്‍സെപ്റ്റ് മാത്രമാണ്, കാത്തിരിപ്പാണ്. സമീപസ്ഥമാണ് എന്ന് അത് നമ്മെതോന്നിപ്പിക്കുന്നുവെന്ന് മാത്രം. സത്യത്തില്‍ 'ഇന്ന്' മാത്രമാണ് നിലനില്‍ക്കുന്നത്. നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതും 'ഇപ്പോള്‍' മാത്രമാണ്. ഇന്നിലല്ല നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ കഴിയുന്നത് അയഥാര്‍ത്ഥ ലോകത്താണ്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവാത്ത ലോകത്ത്. അകാരണമായ ഭയം നമ്മെ കീഴടക്കുന്നത് അപ്പോഴാണ്. നിലവിലില്ലാത്ത ഒന്നിന് കാത്തിരുന്ന് ഉള്ളത് കളയണോ? ദൈവത്തിന്റെ അനന്തമായ ഖജാനയില്‍ നിന്ന് നമുക്കനുവദിച്ച സമയം എപ്പോഴാണ് തീര്‍ന്നുപോകുന്നതെന്ന് ആര്‍ക്കറിയാം. ആലോചിക്കുമ്പോള്‍ അങ്ങിനെ എത്ര സമയം പാഴായി അല്ലേ? പോട്ടെ, പോയത് പോട്ടെ. 'വയലേലകളിലെ മനോഹരമായ ലില്ലിപ്പൂക്കളെ നോക്കൂ, അവ നാളെയെപ്പറ്റി ചിന്തിക്കുന്നതേയില്ല, അവ 'ഇപ്പോള്‍' ജീവിക്കുന്നു..' ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ലില്ലിപ്പൂ പോലെ മനോഹരമാകുമെന്നാണ് യേശുക്രിസ്തു ഈ ഉപമയിലൂടെ പഠിപ്പിക്കുന്നത്. 

ഓരോ നിമിഷവും നമുക്ക് പൂര്‍ണമായി ജീവിക്കാം. എ കംപഌറ്റ് ലിവിംങ്. ക്ഷിപ്രസാധ്യമല്ല അത്. മനുഷ്യന് ലഭിക്കുന്ന ഓരോ നിമിഷവും ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണ്. റീവൈന്‍ഡ് ചെയ്യാനോ റിപ്പീറ്റ് ചെയ്യാനോ കഴിയാത്ത സമയത്തിന്റെ തന്മാത്ര. അത് അവസാന തുള്ളിവരെ അനുഭവിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. ജീവിതമാകെ കൂട്ടിക്കിഴിച്ച് നോക്കിയാല്‍ കാലും അരയും മുക്കാലും മാത്രം ജീവിക്കാനായ എത്രയെത്ര നിമിഷങ്ങളുണ്ടാവും. ഒന്ന് കടിച്ച് വലിച്ചെറിഞ്ഞ ആപ്പിള്‍ പോലെ എത്രയെത്ര നിമിഷങ്ങള്‍. അതായിരിക്കും ആയുസ്സിന്റെ ഭൂരിഭാഗവും. പാഴായ സമയങ്ങളെക്കുറിച്ചുള്ള ഓര്‍മയില്‍ അവ ബാക്കിവെച്ച ഭക്ഷണം പോലെ ചീഞ്ഞ് നാറി അവശിഷ്ട ജീവിതത്തെയും ദുര്‍ഗന്ധപൂരിതമാക്കും. ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നറിയുക. ദാനത്തെ നിന്ദിക്കുന്നത് മാന്യതയല്ല. വരണ്ട ഭുമിയിലെ ഓരോ മണല്‍തരിയെയും പുതുമഴ നിറയ്ക്കുന്നതുപോലെ ആയുസ്സിലെ ഓരോ നിമിഷത്തെയും ജീവിതം കൊണ്ട് നിറയ്ക്കുക. ജീവനുള്ള ജീവിതം. ദൈവത്തിനുമുന്നില്‍ മനുഷ്യന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അത്. 

ഈ നിമിഷം മുതല്‍ ഇന്നില്‍ ജീവിച്ചു തുടങ്ങാം, പൂര്‍ണമായിത്തന്നെ. ജീവിക്കുന്ന ലോകത്തിലും കാലത്തിലും മനസ്സിന്റെ സാന്നിധ്യം ഉറപ്പാക്കലാണത്. അത് നിങ്ങളുടെ ശാരീരികാരോഗ്യത്തിലും വൈകാരിക നിലയിലും മാറ്റം വരുത്തും, ഉറപ്പ്. ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ഇന്ന് എങ്ങിനെയാണോ അങ്ങിനെ നാം അതിനെ സ്വീകരിക്കുകയാണ്. അതിന്റെ എല്ലാ കുറ്റങ്ങളോടെയും കുറവുകളോടെയും. ഇന്നലെ സംഭവിച്ചതെന്തുമാകട്ടെ, അത് ദുരന്തമോ, അനിഷ്ടകരമായതോ എന്തുമാവാം. അത് സംഭവിക്കാതിരിന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതുകൊണ്ടോ അതിനോട് മല്ലടിക്കുന്നതുകൊണ്ടോ കാര്യമില്ല. അതിനെ പൂര്‍ണ മനസ്സോടെ സ്വീകരിച്ച് മുന്നോട്ട് പോവുക. അപ്പോള്‍ നമുക്ക് നമ്മുടെ തെറ്റുകളോട് പൊറുക്കാന്‍ കഴിയും. മറ്റുള്ളവരുടേതിനോടും. മനസ്സിന് സമാധാനം ലഭിക്കും. 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്' എന്നാണ് ഭഗവദ്ഗീത പറയുന്നത്. 

പലരും ജീവിതത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ അത് മറ്റൊരുസമയത്തേക്ക് മാറ്റി വെക്കാറാണ് പതിവ്. ഒരു പ്രത്യേക ദിവസമെന്നോ, നല്ല സമയമെന്നോ ഒക്കെ കരുതിയാവും. പലപ്പോഴും അത് സംഭവിക്കാറില്ലെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ ഇപ്പോളാണതിന് പറ്റിയ സമയം. മാറ്റത്തെക്കുറിച്ചാലോചിക്കുന്ന അതേസമയം. ഒന്നും അയഥാര്‍ത്ഥമായ നാളെയിലേക്ക് മാറ്റിവെക്കരുത്. മറ്റൊന്ന് മനസ്സിനെ ശാന്തമാക്കാനുള്ള പ്രേരണയെ നിയന്ത്രിക്കുക എന്നതാണ്. ശാന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാവുകയാണ് ചെയ്യുന്നത്. പകരം ചിന്തകള്‍ വന്നുപോട്ടെ. അവയെ നല്ലത് ചീത്തത് എന്ന് വേര്‍തിരിക്കാതെ അവയ്ക്ക് സാക്ഷിയാവുക. ഒപ്പം ശ്വസനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. അത് യാഥാര്‍ത്ഥ്യലോകത്തേക്ക് തിരികെവരാന്‍ സഹായിക്കും. ബോധപൂര്‍ണമായ ശ്വസനം നമ്മെ വര്‍ത്തമാനത്തിലെത്തിക്കും. 
സംഗീതാസ്വാദനവും മനസ്സ് തെളിയാന്‍ നല്ലതാണ്. ചെയ്യുന്നതെന്തും അറിഞ്ഞ്, ആസ്വദിച്ച്, മനസ്സ് കൊടുത്ത് ചെയ്യാന്‍ ശ്രമിക്കുക. നിന്റേത്, എന്റേത്, വലുത്, ചെറുത് തുടങ്ങിയ കാഴ്ചപ്പാടുകളെല്ലാം മനസ്സില്‍ നിന്ന് മായ്ച്ച് കളയുക. നിങ്ങളിന്നെന്താണോ അതിനൊക്കെ കാരണക്കാരായവരോട് നന്ദിയുള്ള മനസ്സ് സദാ നിലനിര്‍ത്തുക. 

Friday, May 3, 2013

ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...

ഒരിക്കല്‍ ബുദ്ധനും ശിഷ്യഗണങ്ങളും ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. യാത്രക്കിടെ ബുദ്ധന്‍ പാതയോരത്തെ ഒരു മരച്ചോട്ടില്‍ വിശ്രമിക്കാനിരുന്നു. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് ബുദ്ധന്‍ തന്റെ ആശയങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ബുദ്ധന്‍ സംസാരിച്ചുതുടങ്ങിയതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ കേള്‍ക്കാനായി ചുറ്റുംകൂടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം ദുരെ മാറി നിന്ന് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തി നാട്ടുകാരെ കയ്യിലെടുത്ത് സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഘമെന്നാണ് അയാള്‍ കരുതിയത്. ആളുകളുടെ എണ്ണം കൂടിവരുന്നത് കണ്ട് കോപാകുലനായ ചെറുപ്പക്കാരന്‍ ബുദ്ധനടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ ബുദ്ധനൊന്നും പ്രതികരിച്ചില്ല. ശാന്തനായി അയാളുടെ ചീത്തവിളി കേട്ടിരുന്ന ബുദ്ധന്‍ ഒടുവില്‍ ചോദിച്ചു- 
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും? 
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു, 
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ. 
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു. 
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍ 
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു.