Saturday, July 11, 2009

ശുഭചിന്തയുടെ ശക്തി



ഗ്രഹങ്ങള്‍ കേരളകോണ്‍ഗ്രസ്‌ പാര്‍ട്ടിയെപ്പോലെയായാണ്‌ പലപ്പോഴും. വളരുന്തോറും പിളരും, പിളരുന്തോറും വളരും. ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ ഒന്നിന്‌ പിറകെ ഒന്നായി നാം ആഗ്രഹിച്ചുകൊണ്ടേയിരിക്കും. എന്നുവച്ച്‌ അതൊരു തെറ്റൊന്നുമല്ല. ആര്‍ത്തിയുടെ, ആസക്തിയുടെ അതിര്‌ കടക്കാത്തിടത്തോളം ആഗ്രഹങ്ങള്‍ നല്ലതാണ്‌. ഇന്നത്തെ കിനാവുകളാണ്‌ നാളത്തെ യാഥാര്‍ത്ഥ്യം എന്ന്‌ പറയാറില്ലേ. കിനാവുകാണാനുള്ള കഴിവ്‌ ഒരു സമൂഹത്തിന്‌ നഷ്ടമാവുമ്പോഴാണ്‌ ആ സമൂഹം വന്ധ്യമായിത്തീരുന്നത്‌.ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയാകണം, കുറ്റം പറച്ചില്‍ നിറുത്തണം, കൂടുതല്‍ വായിക്കണം, പുതിയ കാര്യങ്ങള്‍ പഠിക്കണം, കാശുണ്ടാക്കണം, എല്ലാവരോടും നന്നായി പെരുമാറണം, ശരീരവും മനസ്സും ഫിറ്റാക്കണം, പുതിയ ജോലി നേടണം, ദുശ്ശീലങ്ങള്‍ നിറുത്തണം അങ്ങനെ എത്രയെത്ര ആഗ്രഹങ്ങള്‍ നമുക്കുമില്ലേ. പലര്‍ക്കും എന്തൊക്കെയോ ചെയ്യാന്‍ ആഗ്രഹവുമുണ്ട,്‌ പക്ഷേ, ഒന്നും ചെയ്യാനാവുന്നില്ല എന്ന തോന്നലാണ്‌ എപ്പോഴും. വേണമോ വേണ്ടയോ എന്നാലോചിച്ച്‌ അറച്ചറച്ച്‌ നിന്ന്‌ 'വേണ്ടണം' എന്ന്‌ തീരുമാനിക്കുന്ന സന്ദര്‍ഭങ്ങളും നിരവധി. ആത്മവിശ്വാസക്കുറവും റിസ്‌കെടുക്കാനുള്ള ചങ്കൂറ്റമില്ലായ്‌മയും നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ എത്രയെത്ര പറയാനുണ്ടാവും ഒരോരുത്തര്‍ക്കും. ഓരോ ദിവസവും തീരുമ്പോള്‍ ചെയ്യാനാവാതെ പോയ കാര്യങ്ങളെക്കുറിച്ച്‌ ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടും ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയോ എന്ന്‌ ആശങ്കിച്ചും കഴിയുന്നവരാണ്‌ നമ്മില്‍ പലരും. ടെന്‍ഷനടിച്ചും സങ്കടപ്പെട്ടും തിരക്കിലമര്‍ന്നും പാഴാക്കാനുള്ളതാണോ ഈ അസുലഭ ജീവിതാവസരം. അല്ല എന്നെല്ലാവര്‍ക്കുമറിയാം. പക്ഷേ എങ്ങിനെ? ഒരു കഥ പറയാം.

ഒരിക്കല്‍ ഒരു അമേരിക്കന്‍ ഷൂ കമ്പനി രണ്ട്‌ സെയില്‍സ്‌മാന്‍മാരെ മറ്റൊരു രാജ്യത്തേക്ക്‌ അയച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആ രാജ്യത്തേക്ക്‌ കൂടി തങ്ങളുടെ വിപണി വ്യാപിപ്പിക്കുകയായിരുന്നു കമ്പനിയുടെ ഉദ്ദേശം. രണ്ടാഴ്‌ചക്കുള്ളില്‍ തന്നെ അതിലൊരാള്‍ നിരാശനായി മടങ്ങിയെത്തി. "ആരും ഷൂസ്‌ ധരിക്കാത്ത ഒരു രാജ്യത്തേക്കാണോ നിങ്ങളെന്നെ അയച്ചത്‌്‌" ക്രൂദ്ധനായ അയാള്‍ കമ്പനി അധികൃതരോട്‌ തട്ടിക്കയറി . പക്ഷേ മറ്റെയാളെക്കുറിച്ച്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലായിരുന്നു. ഒടുവില്‍ ഒരുവലിയ പാഴ്‌സലാണ്‌ ഓഫീസിലെത്തിയത്‌. എല്ലാതരത്തിലും പെട്ട ഷൂസുകള്‍ക്കായുള്ള ഒരു കെട്ട്‌ ഓര്‍ഡറുകളായിരുന്നു അത്‌ നിറയെ. അതിനിടയില്‍ ധൃതിയില്‍ എഴുതിയതെന്ന്‌ തോന്നിക്കുന്ന ഒരു കുറിപ്പും.ഒരു കെട്ട്‌ ഓര്‍ഡര്‍ ഫോമുകള്‍ വേഗം അയച്ചു തരിക, ഇവിടെ ആര്‍ക്കും ഷൂസില്ല, എല്ലാവരും നമ്മുടെ ഭാവി ഉപഭോക്താക്കളാണ്‌".

കാര്യങ്ങളെ ഓരോരുത്തരും എങ്ങിനെ കാണുന്നു എന്നതിനനുസരിച്ചിരിക്കും അതിന്റെ ഫലവും എന്നാണ്‌ ഈ കുഞ്ഞിക്കഥ വ്യക്തമാക്കുന്നത്‌. ജീവിതം ഒരു കൃഷിയിടം പോലെയാണ്‌. അവിടെ വിതക്കുന്നതേ കൊയ്യാനാവൂ. നെഗറ്റീവ്‌ ചിന്ത വിതച്ചാല്‍ വേദനിപ്പിക്കുന്ന മുള്‍ച്ചെടികളാവും വിളയുന്നത്‌. പകരം പോസിറ്റീവ്‌ ചിന്ത വിതച്ചാലോ കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന സമൃദ്ധമായ തോട്ടമാക്കി അതിനെ മാറ്റാം. ഇനി ജീവിതത്തോടുള്ള നിങ്ങളുടെ സമീപനം എന്തെന്ന്‌ നോക്കാം. പകുതി വെള്ളം നിറഞ്ഞ ഒരു ഗ്‌ളാസ്‌ നിങ്ങള്‍ക്ക്‌ മുന്നില്‍ മേശപ്പുറത്തുണ്ടെന്ന്‌ വിചാരിക്കുക. അതിനെ എങ്ങിനെയായിരിക്കും നിങ്ങള്‍ വിശദീകരിക്കുക. പാതി ഒഴിഞ്ഞതെന്നോ, പാതി നിറഞ്ഞതെന്നോ?. രണ്ടും വസ്‌തുത തന്നെ. പക്ഷെ രണ്ടുത്തരങ്ങളിലെയും സമീപനം വ്യത്യസ്‌തമാണെന്നു മാത്രം. ഒപ്പം ആ സമീപനം നിങ്ങളിലുളവാക്കുന്ന ഫലവും. ആദ്യ ഉത്തരം നെഗറ്റീവും രണ്ടാമത്തേത്‌ പോസിറ്റീവുമാണ്‌. രക്തം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ. പക്ഷേ ചിന്ത പോസിറ്റീവായിരിക്കണം. അതുകൊണ്ടെന്ത്‌ എന്നാണ്‌ ചോദ്യമെങ്കില്‍ കാര്യമുണ്ട്‌.
ശുഭചിന്ത, ശുഭജീവിതം
നിങ്ങള്‍ ചിന്തിക്കുന്നതെന്തോ അതാണ്‌ നിങ്ങള്‍. നിങ്ങളുടെ തോന്നലുകള്‍, വിശ്വാസങ്ങള്‍, അറിവ്‌, സാസ്ഥ്യം ഒക്കെ നിങ്ങളുടെ ആന്തരിക ചിന്തയുടെ പ്രതിഫലനമാണ്‌. പലപ്പോഴും രോഗങ്ങള്‍ പോലും. അത്‌ ബോധപൂര്‍ണ്ണമോ, അബോധത്തിലോ ആവാം.നിങ്ങളുടെ ചിന്തയാണ്‌ നിങ്ങളുടെ താല്‍പര്യങ്ങളെ രൂപപ്പെടുത്തുന്നത്‌. നിങ്ങളുടെ താല്‍പര്യങ്ങളാണ്‌ നിങ്ങളുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്‌. ഈ പ്രപഞ്ചത്തില്‍ നമുക്ക്‌ പൂര്‍ണ്ണ നിയന്ത്രണമുള്ളത്‌ നമ്മുടെ ചിന്തകളുടെ മേല്‍ മാത്രമാണ്‌. അവിടെ മാറ്റമുണ്ടായാല്‍, അത്‌ പോസിറ്റീവായാല്‍ ജീവിതവും പോസിറ്റീവാകും. പക്ഷേ നമ്മിലധികംപേരും നെഗറ്റീവായാണ്‌ പലപ്പോഴും ചിന്തിക്കുന്നതെന്നതാണ്‌ വാസ്‌തവം. പ്രത്യേകിച്ച്‌ മലയാളികള്‍. ദോഷം മാത്രം കാണുകയും നല്ലത്‌ കാണാതിരിക്കുകയും ചെയ്യുന്നതാണ്‌ നമ്മള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. ശുഭാപ്‌തി വിശ്വാസവും ശുഭ ചിന്തയും ജീവിതത്തില്‍ പ്രസരിപ്പ്‌ നിറയ്‌ക്കും. സന്തോഷം കൊണ്ടുവരും. ചിന്തകളും സമീപനവും പോസിറ്റീവാകാന്‍ ബോധപൂര്‍ണ്ണമായ ശ്രമം നടത്തേണ്ടതുണ്ട്‌. അപ്പോള്‍ നെഗറ്റീവ്‌ ചിന്തകളെ പിടിച്ചുകെട്ടി എന്തിലും നല്ലത്‌ കാണാനാവും. ആത്മവിശ്വാസമേറും. ആഗ്രഹങ്ങള്‍ കൈപ്പിടിയിലൊതുങ്ങും. അതിന്‌ ചില വഴികള്‍.
  • അല്‍പനേരം സ്വസ്ഥമായിരുന്ന്‌ ചിന്തകളെ അലയാന്‍ വിടുക. എന്നിട്ട്‌ അവയെ പിന്തുടരുക. ചിന്തകളുടെ പോക്ക്‌ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന്‌ അപ്പോഴറിയാന്‍ സാധിക്കും.
  • പോസിറ്റീവായി ചിന്തിക്കാന്‍ പരിശീലിക്കുക. ഓരോ തവണ നെഗറ്റിവായ ചിന്ത കടന്നു വരുമ്പോഴും അതിന്റെ മറുവശം അന്വേഷിച്ച്‌ പോസിറ്റീവിനെ മുറുകെപിടിക്കുക.
  • നെഗറ്റീവ്‌ ചിന്തയിലേക്ക്‌ നയിക്കുന്ന അപര്യപ്‌തതകള്‍( ഉദാ: അറിവില്ലായ്‌മ, അപകര്‍ഷത, അസ്വാതന്ത്ര്യം, സ്വരച്ചേര്‍ച്ചയില്ലായ്‌മ) പരിഹരിക്കുക.

  • എനിക്കത്‌ കഴിയും എന്ന മട്ടിലുള്ള പോസിറ്റീവായ ഉറപ്പിക്കലുകള്‍ നിരന്തരം നടത്തുക.

  • പോസിറ്റീവായി ചിന്തിക്കുന്നവരോടൊത്ത്‌ കൂടുക. എന്തിനെയും കുറ്റപ്പെടുത്തുന്നവരുടെ കൂട്ടങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറുക.

  • മറ്റുള്ളവര്‍ ദേഷങ്ങള്‍ മാത്രം എടുത്തുപറയുമ്പോള്‍ ഗുണങ്ങള്‍ എടുത്ത്‌ പറഞ്ഞ്‌ പ്രതിരോധിക്കുക. ? എപ്പോഴും ശാരീരികമായും മാനസികമായും ഫിറ്റായിരിക്കുക. അതിന്‌ കൃത്യമായ വ്യായാമ പദ്ധതികള്‍ നടപ്പിലാക്കുക.

  • വാക്കുകളല്ല, പ്രവൃത്തിയാണ്‌ ഉറക്കെ സംസാരിക്കുക, അതുകൊണ്ട്‌ പ്രവൃത്തിച്ചുകൊണ്ടേയിരിക്കുക.

  • ലക്ഷ്യം കൃത്യമായി നിര്‍ണ്ണയിച്ച്‌ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുക.

  • ആഗ്രഹിക്കുന്നത്‌ ചിന്തിക്കുക, അതിന്റെ ഒരു ചിത്രം മനസ്സില്‍ സൂക്ഷിക്കുക, അത്‌ യാഥാര്‍ത്ഥ്യമാവുന്നത്‌ വരെ നിരന്തരം പരിശ്രമിക്കുക.
  • സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള മാനസിക, വൈകാരിക സമീപനത്തെ പോസിറ്റീവായി പരിവര്‍ത്തിപ്പിക്കുക. എല്ലാവരുടേയും നല്ലത്‌ മാത്രം ആഗ്രഹിക്കുക.

  • പുതിയ കാര്യങ്ങള്‍ ചെയ്യുക, പഠിക്കുക

  • ഉയരങ്ങള്‍ ലക്ഷ്യമിടുക, നന്നായി പ്രവര്‍ത്തിക്കുക.

  • ഓരോ ചെറിയ വിജയത്തെയും നേട്ടത്തെയും ആസ്വദിക്കുക.

  • വെല്ലുവിളികളെയും പരാജയങ്ങളെയും അവസരങ്ങളാക്കി മാറ്റുക

  • സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധത പുലര്‍ത്തുക

  • എപ്പോഴും ധൈര്യവാനായിരിക്കുക? അടുക്കും ചിട്ടയോടും കൂടി കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുക.

  • ജീവിത വിജയം നേടിയവരുടെ കഥകള്‍ വായിക്കുക

  • സ്വന്തം കഴിവുകളില്‍ അഭിമാനം കൊള്ളുക, അവയെ ഫലപ്രദമായി ഉപയോഗിക്കുക

  • പുഞ്ചിരി ഒരു ശീലമാക്കാന്‍ മടിക്കരുത്‌.

  • ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങള്‍, നല്ല സുഹൃത്തുകള്‍ എന്നിവ ഇടക്കിടെ അനുസ്‌മരിക്കുക.
യാസിര്‍ ഫയാസ്‌

No comments:

Post a Comment