Monday, May 30, 2011

സുഖം, സ്വസ്ഥം, സുന്ദരം ലളിത ജീവിതം


ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദിനെ കാണാനെത്തിയതായിരുന്നു അനുചരന്‍ ഇബ്‌നുമസ്ഊദ്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന പ്രവാചകന്റെ പുറത്ത് നിറയെ ഈത്തപ്പനയോലയുടെ പാടുകള്‍ കണ്ട് അദ്ദേഹം ചോദിച്ചു. “പ്രവാ
ചകരേ ഞാന്‍ താങ്കള്‍ക്ക് മുന്തിയ തരം ഒരു കിടക്ക കൊണ്ടുവന്ന് തരട്ടേ?” പ്രവാചകന്‍ പറഞ്ഞു. “വേണ്ട ഇബ്‌നുമസ്ഊദ്, ഈ ലോകത്ത് എനിക്ക് എന്തിനാണവയൊക്കെ. അല്‍പനേരം മാത്രം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോകത്തെ ജീവിതമെന്നിരിക്കെ...”

ലാളിത്യത്തിന്റെ മഹത്തായ പാഠം തന്റെ ശിഷ്യന് പകര്‍ന്നു നല്‍കുകയായിരുന്നു പ്രവാചകന്‍. ഒപ്പം ജീവിതത്തിന്റെ ക്ഷണികതയും. ജീവിതം ലളിതമാണ്, അ
തിനെ സങ്കീര്‍ണമാക്കുന്നത് നാമാണ് എന്ന് കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം- എത്ര ലളിതമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതിരുകടന്ന ആഗ്രഹങ്ങളുടെ ആടയാഭരണങ്ങളണിയിച്ച് അവയെ സങ്കീര്‍ണമാക്കുന്നത് നാം തന്നെയാണ്. ആവശ്യത്തിനുള്ളത് എന്നതിനുപകരം കൂടുതല്‍, കൂടുതല്‍ എന്നതാണ് പുതിയ കാലത്തിന്റെ മുദ്രാവാക്യം. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേര് പോലും 'മോര്‍..' എന്നാണ്. എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെയും അത്യാഗ്രഹത്തിനുള്ളതില്ല എന്നാണ് മഹാത്മാഗാന്ധി പഠിപ്പിച്ചത്.

മനുഷ്യന്റെ പെരുകുന്ന ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിതസൗകര്യങ്ങളും വര്‍ധിക്കുകയാണ്. ജീവിതം എളുപ്പമാക്കാന്‍ കണ്ടെത്തുന്ന യന്ത്രസാമഗ്രികളും ഉപകരണങ്ങളും ആഗ്രഹങ്ങള്‍ പോലെ തന്നെ ജീവിതം സങ്കീര്‍ണമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മോഹങ്ങള്‍ സഫലീകരിക്കാനും ആഢംബരങ്ങള്‍ സ്വായത്തമാക്കാനുമുള്ള ചിലരുടെ പരക്കം പാച്ചില്‍ കണ്ടാല്‍ തോന്നും അവര്‍ എക്കാലവും ഇവിടെ ജീവിക്കാന്‍
പോകുകയാണെന്ന്. സൗകര്യങ്ങളൊരുക്കാനുള്ള ഈ നെട്ടോട്ടത്തില്‍ നഷ്ടമാകുന്നത് ഈ ഇത്തിരിപ്പോന്ന ജീവിതം തന്നെയാണ്.

സുഖവും സന്തോഷവും കണ്ടെത്താനാണ് മനുഷ്യന്‍ ഈ സങ്കീര്‍ണതകളില്‍ ജീവിതത്തെ കുരു
ക്കിയിടുന്നതെന്നതാണ് രസകരം. കൂടുതല്‍ പണം സമ്പാദിക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതും സൗകര്യങ്ങള്‍ ഒരുക്കുന്നതുമൊക്കെ ആത്യന്തികമായി സന്തോഷം ലക്ഷ്യം വെച്ചാണ്. പക്ഷേ അവ നല്‍കുന്നതോ? തിരക്കും അസ്വസ്ഥതയും മാനസിക പിരിമുറുക്കവും അസംതൃപ്തിയും മാത്രം. സന്തോഷത്തിന് വേണ്ടി എന്തിനാണിങ്ങനെ വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത് എന്നാണ് ബുദ്ധന്‍ ചോദിച്ചത്. നേരേ മൂക്കില്‍ പിടിക്കുക എന്നാല്‍ ആഢംബര പ്രേമം വെടിഞ്ഞ്
ലളിതമായി ജീവിക്കുക എന്നാണ്.

ലാളിത്യം സ്വാതന്ത്ര്യമാണ്. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളില്‍ നിന്നും അത് സ്വാതന്ത്ര്യമേകും. ഉപകരണങ്ങളുടെ അടിമത്വത്തില്‍ നിന്ന്
നമ്മുടെ ജീവിതം നാം തന്നെ സ്വന്തമാക്കലാണത്. ജീവിതത്തിന്റെ സൗന്ദര്യവും വിശുദ്ധിയും ലാളിത്യത്തിലാണ്. ആ
ര്‍ഭാടത്തിലല്ല. ജീവിതം ലളിതമാക്കുക എന്നാല്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയെന്നല്ല. മോശം ഭക്ഷണം കഴിക്കുകയോ
ദരിദ്രനായി ജീവിക്കുകയോ എന്നുമല്ല. അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ജീവിക്കലാണത്. അതിരുകളില്ലാതെ പായുന്ന മോഹങ്ങള്‍ക്ക് മൂക്ക് കയറിടലാണത്.

ലാളിത്യത്തിലേക്കുള്ള വഴിയും വാഹനവുമാണ് മിതവ്യയം. പണം കൊണ്ട് വാങ്ങാനാവുന്നത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച് ജിവിക്കലാണത്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ ആവശ്യത്തിന് മാത്രമുള്ളതാവണം. പ്രകടനവും പൊങ്ങച്ചവും ഒഴിവാക്കണം. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കുന്ന ലോകത്ത് ആഢംബരവും ദുര്‍വ്യയവും ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല. ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത എത്രയെത്ര സാധനങ്ങള്‍ കൊണ്ടാണ് നമ്മുടെ വീടകങ്ങള്‍ നിറച്ചിരിക്കുന്നത്. അവ എന്ത് സന്തോഷമാണ് നല്‍കുന്നതെന്ന് ഒരിക്കലെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ. അവ അപഹരിക്കുന്നത് വീട്ടിലെ സ്ഥലം മാത്രമല്ല, മനസ്സിന്റെ വിശാലത കൂടിയാണ്. ഉള്ളുപൊള്ളയായ ജീവിതമാണതിന്റെ പ്രതിഫലം.

ലാളിത്യം ഒരു ദര്‍ശനവും സമഗ്രജീവിത രീതീയുമാണ്. ചിലവാക്കുന്ന പണത്തില്‍ മാത്രമല്ല
വാക്കിലും ചലനങ്ങളിലും പെരുമാറ്റത്തിലുമൊക്കെ ലാളിത്യം നിറയണം. ഉള്ളതില്‍ അധികമായി ഒന്നും പ്രകടിപ്പിക്കാ
തിരിക്കുക. വികാരമായാലും സമ്പത്തായാലും കഴിവായാലും. അപ്പോള്‍ എല്ലാത്തരം അഹന്തകളില്‍ നിന്നും മുക്തി നേടാ
നാവും. സമയമാണ് പണം എന്നാണ് പുതിയ കാലത്തിന്റെ പരസ്യ വാചകം. യാഥാര്‍ത്ഥത്തില്‍ സമയം പണത്തേക്കാള്‍
എത്രയോ മൂല്യമേറിയതാണ്. അതുള്‍കൊള്ളുമ്പോഴേ ലാളിത്യത്തിലേക്കുള്ള വഴിയും തെളിയൂ. ലാളിത്യം ജീവിതശൈലിയാകു
മ്പോള്‍ അനാവശ്യ ആഗ്രഹങ്ങളിലും ഉത്കണ്ഠകളിലും മനസ്സ് ചഞ്ചലപ്പെടില്ല. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമേ സമയം ചെലവഴിക്കൂ. ജീവിതത്തിന്റെ നിശ്ചലതയും ആന്തരിക സൗന്ദര്യവും അപ്പോള്‍ ആസ്വദിക്കാനാവും. ഉള്ളതില്‍ സമൃദ്ധി അനുഭവപ്പെടും. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേറെ അനുഭവങ്ങളും ബന്ധങ്ങളും സമ്പാദിക്കാന്‍ സമയം ചെലവഴിക്കാന്‍ അപ്പോള്‍ കഴിയും. ജീവിക്കുന്ന ചുറ്റുപാടിന് എന്തൊങ്കിലുമൊക്കെ നല്‍കാനും സമയം ലഭിക്കും.

പരക്കട്ടെ പുഞ്ചിരിയുടെ സുഗന്ധം


ഒരു ചിരിയുടെ പിന്നില്‍ നിന്ന് നോക്കിയാല്‍ ലോകം എത്ര മനോഹരം എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. ചിരിക്കാന്‍ കഴിയുന്ന ഭൂമുഖത്തെ എകജീവിയാണ് മനുഷ്യന്‍. വരം പോലെ ലഭിച്ച ഈ ചിരിയെ മസിലുപിടിച്ച് മറച്ച് വെക്കാനാണ് ഇന്ന് പക്ഷേ പലര്‍ക്കുമിഷ്ടം. ചിരിച്ചാല്‍ ചോര്‍ന്ന് പോകുന്ന ഗൗരവത്തെക്കുറിച്ചാണ് അവര്‍ക്ക് ആധി. മറ്റു ചിലര്‍ക്ക് ദുരഭിമാനമാണ്. ചിരിച്ചാല്‍ വീണുടഞ്ഞുപോകുന്നതാണോ അഭിമാനവും ആദരവുമൊക്കെ. ഇനി ആരെങ്കിലും ഒന്നു ചിരിച്ചാലോ, ഒരു മറുചിരി ചിരിക്കാന്‍ പോലും മര്യാദകാണിക്കാറില്ല പലരും. ചിരിക്കാനുള്ള മനസ്സ് (സന്മനസ്സ്) നഷ്ടപ്പെട്ടതാണ് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലെ പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒന്നുചിരിച്ചാല്‍ തീരുന്ന എത്രയോ നിസ്സാര പ്രശ്‌നങ്ങളാണ് ഈഗോയുടെ പുറത്ത് ആളിക്കത്തി തീയും പുകയും നാശവുമുണ്ടാക്കുന്നത്. അയല്‍ക്കാരോടും സുഹൃത്തുക്കളോടും എന്തിന് സ്വന്തം ഭാര്യയോടും മക്കളോടും പോലും ചിരിക്കാത്ത ഇക്കൂട്ടരാണ് ചിരി കഌബില്‍ അംഗത്വമെടുക്കാന്‍ ഓടുന്നതെന്നതാണ് അതിലേറെ രസകരം.

മുഖമെന്ന ജാലകത്തിലെ വെളിച്ചമാണ് ചിരി, നിങ്ങള്‍ അവിടെത്തന്നെയുണ്ട് എന്ന് അത് ആളുകളെ അറിയിക്കുന്നു. വീര്‍പ്പിച്ച മുഖവുമായി നടക്കുന്നവര്‍ അടച്ചിട്ട വീടുപോലെ പൊടിയും മാറാലയും നിറഞ്ഞ ദുര്‍ഗന്ധപ്പുരയാണ്. അവിടേക്ക് ആരും അടുക്കില്ല. മൂക്കുപൊത്തി വഴിമാറിപ്പോകും. ചിരി ഒരു കുറച്ചിലാണെന്നാണ് പലരുടെയും ധാരണ. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ മഹത്വമാണ് ചിരി. പൂക്കള്‍ക്ക് സൂര്യപ്രകാശം പോലെയാണ് മനുഷ്യരാശിക്ക് ചിരിയെന്ന് പറഞ്ഞത് ജോസഫ് ആഡിസണ്‍ ആണ്. പുഞ്ചിരി സന്തോഷത്തിന്റെ പ്രഖ്യാപനമാണ്. പണച്ചെലവില്ലാതെ ആര്‍ക്കും എപ്പോഴും പകര്‍ന്ന് നല്‍കാനാവുന്ന സമ്മാനം. പുഞ്ചിരി ഒരു ദാനമാണെന്ന് അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത്. എന്തെങ്കലുമൊക്കെ ആവശ്യങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നവര്‍ക്ക് നമുക്ക് അത്‌കൊടുക്കാനായില്ലെങ്കില്‍ പോലും ഒരു നല്ല പുഞ്ചിരിയോടെ മടക്കി നോക്കൂ. അതയാളെ ഒരുവേള തൃപ്തനാക്കിയേക്കും. പല്ലിന്റെ വെളുപ്പിലോ, നുണക്കുഴിയുടെ ആഴത്തിലോ ചുണ്ടിന്റെ ചുവപ്പിലോ അല്ല ചിരിയുടെ സൗന്ദര്യം. അതിന്റെ ഹൃദ്യതയിലാണ്, ആത്മാര്‍ത്ഥതയിലാണ്. ഹൃദയത്തിന്റെ ആഴത്തില്‍ ചെന്ന് തൊടുന്ന ചിരി ബഌക്കാണോ വൈറ്റാണോ എന്ന് ആരും നോക്കാറില്ല. അത് പകരുന്ന സന്തോഷവും സാന്ത്വനവുമാണ് കാര്യം.

നിഷ്‌കളങ്കമായ പുഞ്ചിരിയോളം വിലയേറിയ കാഴ്ചയെന്തുണ്ട് ഈ ലോകത്ത്. ചിരിയുടെ കാര്യത്തില്‍ മിടുക്കര്‍ കുഞ്ഞുങ്ങളാണ്. കാരണം അവര്‍ക്ക് ജാഢയില്ലല്ലോ. ചിരിയെ പരിമിതപ്പെടുത്തുന്ന ബാഹ്യനിയന്ത്രണങ്ങളുമില്ല അവരുടെ ലോകത്ത്. ചിരി ഒരു കലയാണ്. നറുനിലാവുപോല്‍ തൂമന്ദഹാസം പൊഴിക്കാന്‍ പ്രത്യേകഴിവുള്ളവരുണ്ട്. അറിവിന്റെ ആഴവും വിനയത്തിന്റെ ഔന്നത്യവുമാണ് ചിരിയുടെ മാറ്റുകൂട്ടുന്നത്. അത്തരത്തിലുള്ള മനോഹരമായ പുഞ്ചിരിയുടെ ഉടമയായിരുന്നു ജിദ്ദു കൃഷ്ണമൂര്‍ത്തി. അദ്ദേഹത്തിന്റെ പുഞ്ചിരി കാണാന്‍ മാത്രം ന്യൂസിലാന്റില്‍ നിന്ന് എല്ലാവര്‍ഷവും ചെന്നൈയില്‍ വന്നിരുന്ന ഒരു വൃദ്ധസ്ത്രീയെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. പ്രണയത്തിലും സ്‌നേഹത്തിലും പുഞ്ചിരിക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ഒരു ചിരി കണ്ടാലതുമതി.. എന്നൊക്കെ കാമുകീകാമുകന്മാര്‍ പാടുന്നത്.

പുഞ്ചിരി ജീവിതത്തില്‍ സുഗന്ധം പരത്തും. അത് നമ്മെ ഭാരരഹിതനാക്കും. പറക്കാന്‍ ചിറകുകള്‍ നല്‍കും. പ്രശ്‌നങ്ങളും പ്രയാസങ്ങളും വേദനയുമകറ്റും. ബുദ്ധന്റെ മൗനമന്ദഹാസം എത്ര മനോഹരമാണ്. ഒരാളെ സുന്ദരനാക്കാന്‍ അതുമതി. പുഞ്ചിരി നിങ്ങളുടെ ഫെയ്‌സ് വാല്യു ആണ് കൂട്ടുന്നത്. രണ്ട് അപരിചിതര്‍ക്കിടയിലെ അകലം ഒരു ചിരിയുടെ ദൂരമാണെന്ന് പറയാറുണ്ട്. പുതിയപുതിയ ബന്ധങ്ങളിലേക്കുള്ള വിന്‍ഡോയാണ് ചിരി തുറക്കുന്നത്. ചിരിക്കാന്‍ 22 പേശികളേ വേണ്ടൂ, മുഖം വീര്‍പ്പിക്കാന്‍ 43 പേശികള്‍ വേണം എന്നു പറയുന്നത് കേട്ടിട്ടില്ലേ. അതിലെത്ര യാഥാര്‍ത്ഥ്യമുണ്ടെന്നറിയില്ല. പക്ഷേ ചിരിയുടെ ഗുണങ്ങള്‍ അനവധിയാണ്. ചിരിക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ പ്രയോജനങ്ങളുണ്ട്.

പ്രിസ്‌ക്രിപ്ഷനില്ലാതെ ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന വണ്ടര്‍ മെഡിസിനായാണിന്ന് വൈദ്യശാസ്ത്രം ചിരിയെ കാണുന്നത്. ശരീരത്തിന് സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കളായ എന്‍ഡോര്‍ഫിനുകള്‍ ചിരിക്കുമ്പോള്‍ വര്‍ധിക്കുന്നുണ്ട്. മാത്രമല്ല മാനസിക പിരിമുറുക്കത്തിന് കാരണമാവുന്ന എപ്പിനെഫ്രിന്‍, ഡോപ്പമൈന്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രതിരോധ കോശങ്ങളുടെ എണ്ണവും പ്രവര്‍ത്തന ക്ഷമതയും വര്‍ധിക്കാനും ചിരി കാരണമാവുന്നു, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. മാത്രമല്ല ശരീരത്തിലെ പല ഭാഗങ്ങളിലെയും പേശികള്‍ക്ക് ചിരി ആയാസമേകുകയും ചെയ്യും. ദേഷ്യം, കുറ്റബോധം, ഉത്കണ്ഠ, നെഗറ്റീവ് ചിന്തകള്‍ എന്നിവയില്‍ നിന്നെക്കെ നമ്മെ വഴിതെറ്റിക്കാനും ചിരിക്ക് കഴിയും. ഇതൊക്കെ കൊണ്ടാണ് നല്ലൊരു ചിരി കഴിയുമ്പോള്‍ മഴപെയ്‌തൊഴിഞ്ഞ ഭൂമിപോലെ മനം കുളിര്‍ക്കുന്നത്, അകം വൃത്തിയാകുന്നത്. ശാരീരികവും വൈകാരികവുമായ ഈ ഉന്മേഷാവസ്ഥ തന്നെയാണ് ചിരിയുടെ ഏറ്റവു വലിയ റിട്ടേണും. ആത്മവിശ്വാസം നല്‍കും, ആശയ വിനിമയം എളുപ്പമാക്കും, മനസ്സിന് കരുത്തേകും തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ പിന്നെയുമുണ്ട്.

അപ്പോള്‍ ഇനി ചിരിച്ചു തുടങ്ങാം അല്ലേ. ലോകത്തിന്റെ മുഴുവന്‍ ഭാരവും തോളിലേറ്റിയതുപോലുള്ള പരിഹാസ്യമായ ആ പാരുഷ്യഭാവം ഇനി വേണ്ട. പല്ല് കടിച്ച്, മസില് പിടിച്ച് ഭുമിയെ വിറപ്പിക്കുന്ന തരത്തിലെ നടത്തവും കനം തൂങ്ങിയ നോട്ടവും ഉപേക്ഷിക്കാം. ആദ്യം അവനവന്റെ നേരെ ചിരിക്കുക. കാട്ടിക്കൂട്ടിയ ജാഢകളോര്‍ത്താല്‍ ചിരിക്കാതിരിക്കാനാവില്ല. കൊട്ടിപ്പൂട്ടിവെച്ച ആ ദുഷിച്ച വായു മുഴുക്കെയും പോട്ടെ. ഇപ്പോള്‍ ലാഘവത്വം തോന്നുന്നില്ലേ. ഇനി വീട്ടില്‍, ഓഫീസില്‍, യാത്രയില്‍ അങ്ങിനെയങ്ങിനെ കണ്ടുമുട്ടുന്നവര്‍ക്കൊക്കെ ഒരു പുഞ്ചിരി സമ്മാനിക്കുക. അതില്‍ വലുപ്പച്ചെറുപ്പമൊന്നും വേണ്ട. ചിരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ സ്വയമുണ്ടാക്കുക. ചിരിക്കുന്നവര്‍ക്ക് മറു ചിരി കൊടുക്കുക. അത് ഒരു പുതിയ ബന്ധത്തിലേക്കുള്ള ക്ഷണമാണെന്നറിയുക. പങ്കുവെക്കപ്പെടുന്ന ചിരിയാണ് മനുഷ്യരെ ഒന്നിപ്പിക്കുക. പ്രതിസന്ധികളെ പരിഭ്രമമില്ലാതെ ചിരിച്ചുകൊണ്ട് നേരിടുക. ഇപ്പോള്‍ തോന്നുന്നില്ലോ, ചിരി നിങ്ങള്‍ക്ക് പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലായിരുന്നു വെന്ന്. അത് നിങ്ങളുടെ മൂക്കിന് താഴെ തന്നെയുണ്ടായിരുന്നു. പക്ഷേ അത് അവിടെയുണ്ടെന്ന് നിങ്ങള്‍ മറന്നുവെന്ന് മാത്രം.