Thursday, May 16, 2013

മല്‍സരമല്ല ജീവിതം...

മല്‍സരം നഷ്ടപ്പെടുത്തുന്നത് മനഃസമാധാനമാണ്‌
ഒരു സിംഫണിയിലെ ഓരോ സംഗീതോപകരണവും മറ്റുള്ളവയോട് മല്‍സരിക്കുകയും ശബ്ദം കൊണ്ട് അവയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. എന്തായിരിക്കും ഫലം. തീര്‍ച്ചയായും അത് ഒരു സിംഫണിയായിരിക്കില്ല. പകരം അതൊരലര്‍ച്ചയായിരിക്കും. സമാനമാണിന്ന് ജീവിതത്തിന്റെ അവസ്ഥയും. എല്ലാവരും ഇന്ന് പരസ്പരം മല്‍സരത്തിലാണ്. അയല്‍ക്കാര്‍ തമ്മില്‍, ബന്ധുക്കള്‍ തമ്മില്‍, സഹപ്രവര്‍ത്തകര്‍ തമ്മില്‍, വാഹനങ്ങള്‍ തമ്മില്‍, എന്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും. എല്ലാവര്‍ക്കും ഓവര്‍ടേക്ക് ചെയ്യണം, മറ്റുള്ളവരെ പിന്നിലാക്കണം, വിജയിക്കണം. ആധുനിക ജീവിതശൈലിയുടെ മുഖമുദ്രയാണ് ഈ മല്‍സരം. ഞാനോ നീയോ ആരാണ് മികച്ചവന്‍ എന്ന ചിന്തയാണിതിന് പിന്നില്‍. മികച്ച വീട്, സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍, കാറ്, ജോലി, ഉദ്യോഗക്കയറ്റം അങ്ങിനെ മല്‍സരിക്കാന്‍ ഓരോരുത്തര്‍ക്കും എത്രയെത്രകാരണങ്ങളുണ്ട്. കൂടുതല്‍ സമ്പത്തും സൗകര്യങ്ങളും ഉള്ളവന് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം, സംതൃപ്തി; അവനാണ് മികച്ചവന്‍ എന്ന തെറ്റായ ധാരണയാണ് ജീവിതത്തെ ഇങ്ങിനെ നിരന്തര മല്‍സരവേദിയാക്കുന്നത്. പലപ്പോഴും മല്‍സരിക്കുന്നവര്‍ക്കു പോലും അറിയില്ല, അവര്‍ പരസ്പരം മല്‍സരിക്കുകയാണെന്ന്. പുറമേ ഓളങ്ങളുണ്ടാക്കാത്ത പുഴയിലെ അടിയൊഴുക്കുപോലെയത് പക്ഷേ കൂടെയുണ്ട്. ഉത്കണ്ഠയുടെയും പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ ചുഴികളൊരുക്കി അത് പലരുടെയും ജീവിതത്തെ സംഘര്‍ഷഭുമിയാക്കുന്നുണ്ട്. ഉറക്കം കെടുത്തുന്നുണ്ട്. 

മല്‍സരം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണോ? അതേ എന്നും അല്ല എന്നും ഉത്തരമുണ്ട്. മനുഷ്യന്റെ രക്തത്തില്‍ തന്നെ മല്‍സര സ്വഭാവം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നാണ് മല്‍സര വക്താക്കളുടെ വാദം. അണ്ഡത്തെ സന്ധിക്കാനുള്ള ബീജങ്ങളുടെ ഓട്ടമല്‍സരം വരെ അവര്‍ അതിന് ഉദാഹരിക്കുന്നുണ്ട്. എന്നാല്‍ മല്‍സരം ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമ്പോള്‍ വേണ്ട എന്നു തന്നെ പറയേണ്ടിവരും. ജീവിതത്തില്‍ നിന്ന് മല്‍സരം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പ്രയാസമാണ്. പക്ഷേ ജീവിതത്തിലെ അധിക മല്‍സരവും നാം സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്നതാണ്, സ്വയം തെരെഞ്ഞെടുക്കുന്നതാണ്. കാരണം വിജയിക്കേ നിലനില്‍പ്പുള്ളൂ എന്ന കാഴ്ചപ്പാടാണ്(ഭയമാണ്) നാം കുഞ്ഞുന്നാളിലേ പഠിപ്പിക്കപ്പെട്ടത്. നാം വളര്‍ത്തപ്പെട്ടതും അത്തരം അച്ചിലാണ്. സ്‌നേഹത്തിനും ശ്രദ്ധയ്ക്കും ഗ്രേഡുകള്‍ക്കും വേണ്ടി പരസ്പരം മല്‍സരിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍. പോരാത്തതിന് എക്കാലവും വീരന്മാരുടെയും വിജയികളുടെയും ഉദാത്തവത്കരിക്കപ്പെട്ട കഥകളാണ് നാലുപാടും നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്നതും. 
വിഭവ ദൗര്‍ലഭ്യമാണ് മല്‍സരത്തെ സാധുകരിക്കാന്‍ എക്കാലവും ഉന്നയിക്കപ്പെട്ടുപോരുന്ന പ്രധാന വാദം. എന്നാല്‍ അതില്‍ വലിയ കഴമ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളതില്ല' എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയാണെങ്കില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്ന് സാരം. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് ആവശ്യമുള്ളതിലേറെയാണ്. കമ്പോളവത്കരണവും മാധ്യമ സ്വധീനവുമാണ് പലപ്പോഴും ഇത്തരം അനാവശ്യ ആഗ്രഹങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഒരു മല കിട്ടിയാല്‍പോലും മനുഷ്യന്‍ രണ്ടാമതൊന്ന് ആഗ്രഹിക്കുമെന്നാണ് ചൊല്ല്. ആഗ്രഹമെന്ന വളരെ സെന്‍സിറ്റീവായ ഈ മനുഷ്യഭാവത്തെ തന്നെ ചൂഷണം ചെയ്താണ് ഇക്കാലത്ത് പ്രലോഭനത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നമുക്ക് ചുറ്റും മുളച്ചുപൊന്തുന്നതും തഴച്ചുവളരുന്നതും. 

ജീവിതത്തോട് ചെയ്യുന്നത്
എന്താണ് സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ കഴുത്തറപ്പന്‍ മല്‍സരം ജീവിതത്തോട് ചെയ്യുന്നത്? വിജയത്തിനുവേണ്ടി പലപ്പോഴും മറ്റുള്ളവരുടെ തോളില്‍ ചവിട്ടാനും, ചവിട്ടിത്താഴ്ത്താനും അത് നമ്മെ നിര്‍ബന്ധിക്കുന്നു. പരസ്പരമുള്ള സഹായവും വിവര കൈമാറ്റവും പോലും തടയപ്പെടുന്നു. എതിരാളികളെന്ന് സങ്കല്‍പിക്കുന്നവരുടെ, അവരാരുമാകട്ടെ നല്ല പരിശ്രമങ്ങള്‍ പോലും അവമതിക്കപ്പെടുന്നു. എതിരാളിയുടെ ചിന്തയെയും പ്രവൃത്തിയെയുമൊക്കെ സദാ നിരീക്ഷിക്കാനും അവനെതിരെ തന്ത്രങ്ങള്‍ മെനയാനും ജീവിതത്തിലെ വിലപ്പെട്ട സമയവും ഊര്‍ജവും ചെലവാക്കേണ്ടിവരുന്നു. പരസ്പരം താരതമ്യപ്പെടുത്തിയും വിലയിരുത്തിയും സദാ ഉത്കണ്ഠപ്പെടുന്നു. അസൂയ, അത്യാഗ്രഹം, കുറ്റബോധം, ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ചിന്തകളിലും പ്രവൃത്തിയിലും നിറയുന്നു. തത്ഫലമായി മാനസിക സമ്മര്‍ദ്ധവും വേദനയും ദുഃഖവുമൊക്കെ ജീവിതത്തിന്റെ നിത്യഭാവമായി മാറുന്നു. മല്‍സരം മുറുകുമ്പോള്‍ നഷ്ടപ്പെടുന്നത് മനഃസമാധാനം തന്നെയാണ്. ചതി, മോഷണം, അഴിമതി, കൊലപാതകം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളും സമൂഹത്തില്‍ പെരുകുന്നതും ഈ മല്‍സരമനോഭാവം മൂലമാണെന്ന് കാണാന്‍ കഴിയും. എന്തുചെയ്തും പണമുണ്ടാക്കണം, സുഖം നേടണം, മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കണം എന്ന മനോഭാവമാണ് പലകുറ്റകൃത്യങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. ജീവിതത്തെ നിരന്തരം പിരിമുറുക്കത്തിലകപ്പെടുത്തുന്നതും രോഗങ്ങളിലേക്ക് നയിക്കുന്നതുമായ ഈ മല്‍സര മനോഭാവം നമുക്ക് വേണോ. ജീവിതം ഒന്നേയുള്ളൂ എന്നോര്‍ക്കുക.
സഹകരണം നല്ല വഴി
സഹകരണമാണ് ജീവിത വിജയത്തിലേക്കുള്ള ശരിയായ വഴി, മല്‍സരമല്ല. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ പ്രമാണം. പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറിയാല്‍ വിജയം എളുപ്പമാവും. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. മനഃസമാധാനവും നഷ്ടമാകില്ല. ജീവിതത്തിന്റെ ഭാവം മല്‍സരമായി മാറുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നഷ്ടമാകുന്നത്. കൂട്ടായ്മയുടെ മധുരമാണ് ഇല്ലാതാവുന്നത്. മല്‍സര മനോഭാവത്തെ കീഴടക്കാന്‍ ആദ്യം വേണ്ടത് അത്യാഗ്രഹവും സ്വാര്‍ത്ഥതയും വെടിയലാണ്. ഉള്ളതില്‍ സംതൃപ്തനാവുക. അത് സമര്‍ത്ഥമായി വിനിയോഗിക്കുക, നിങ്ങള്‍ക്കും സഹജീവികള്‍ക്കും വേണ്ടി. ഇല്ലെങ്കില്‍ അസൂയ സ്‌നേഹരൂപേണ ജീവിതത്തിലേക്ക് കടന്നുവരും. അത് മല്‍സരവും വെറുപ്പുമായി മാറാന്‍ അധിക നേരം പിന്നെ വേണ്ടിവരില്ല. പരസ്പര ബഹുമാനം, വിശ്വാസം, ആത്മാര്‍ത്ഥത, മാനവികത ഇവയാണ് സഹകരണത്തിന് അടിസ്ഥാനപരമായി വേണ്ട മറ്റു ഗുണങ്ങള്‍. 
സഹകരണമാണ് വിജയത്തിലേക്കുള്ള വഴി

ജീവിതം ഒരു യാത്രപോലെയാണ്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ, അവരെ തോല്‍പിക്കാനോ ആണ് ആ യാത്രയിലൂടനീളം നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ യാത്ര പാഴാക്കുകയാണ്. മല്‍സര മനസ്സ് മൂലം മറ്റുള്ളവരുടെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെയാണ് വഴിമുടക്കുന്നത്. പകരം ജീവിതയാത്രയെ ആസ്വദിക്കുക. വീണുപോയവര്‍ക്ക് ഒരു കൈ സഹായം നല്‍കുക. അത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കും. കൊടുക്കുന്നത് മൂലം നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടില്ല. ഇരട്ടിയായി ലഭിക്കുകയേ ഉള്ളൂ. സ്‌നേഹമുണ്ട് എന്ന് പറയുന്നതിലല്ല കാര്യം. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നതിലാണ് സത്യസന്ധത.

1 comment:

  1. ജീവിതത്തിന്റെ ഭാവം മല്‍സരമായി മാറുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നഷ്ടമാകുന്നത്. കൂട്ടായ്മയുടെ മധുരമാണ് ഇല്ലാതാവുന്നത്.

    ReplyDelete