Thursday, June 6, 2013

മനം നിറയെ മഴ നനയാം...

  ...ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി, ചില ദിക്കില്‍ കരിങ്കൂവളപ്പൂക്കളുടെ ഇതളുകള്‍ പോലെ, ചില ദിക്കില്‍ വെട്ടിപ്പൊളിച്ച അഞ്ജനക്കൂട്ടങ്ങള്‍ പോലെ. മറ്റു ചിലയിടങ്ങളില്‍ ഗര്‍ഭിണികളുടെ സ്തനം പോലെയും അവ പരിലസിച്ചു. ദാഹിച്ചുവലഞ്ഞ വേഴാമ്പലിന്റെ യാചന കേട്ട് മേഘം മഴത്തുള്ളികളായി ഇമ്പമായ ശബ്ദത്തോടെ താഴേക്ക് പതിക്കാന്‍ തുടങ്ങി. മനോഹരവും സുന്ദരിമാരുടെ ഹൃദയത്തെ വശീകരിക്കുന്നതും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവനുമായ ഈ മഴക്കാലം പ്രിയേ നിനക്കും ആഗ്രഹങ്ങള്‍ പൂവണിയുന്നതായി തീരട്ടെ... 
മഴനൂലുകള്‍ പോലെ മനോഹരമായ ഈ വര്‍ഷകാല വര്‍ണന കാളിദാസന്റേതാണ്. സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലുമൊക്കെ മഴയ്ക്ക് നവരസ ഭാവമാണ്. ചിലപ്പോള്‍ ശൃംഗാരം. മറ്റ് ചിലപ്പോള്‍ കരുണം, രൗദ്രം, ശാന്തം, അങ്ങിനെയങ്ങിനെ മഴവില്ലുപോലെ ഭാവങ്ങളുടെ മഴച്ചാര്‍ത്തുകള്‍ക്ക് അഴകേറെ. ഭാവനയില്‍ മലയാളിയും മഴയെ വരച്ചുവെച്ചത് എന്നും വികാരവായ്പിന്റെ ഇളം നിറങ്ങളിലാണ്. കാല്‍പനിക സൗന്ദര്യം നിറഞ്ഞ ആ വാക്കുകളില്‍ മഴ പനിനീര്‍മഴയും ഗന്ധര്‍ഗാനവുമൊക്കെയായി. പക്ഷേ ജീവിതത്തിലോ?. 


സമൃദ്ധമായ മഴയാല്‍ ഇത്രമേല്‍ അനുഗ്രഹീതമായ മറ്റേതൊരു നാടുണ്ട് കേരളം പോലെ. മണ്‍സൂണ്‍ മഴയാണ് നമ്മുടെ നാട്ടുപച്ചപ്പിന് പിന്നില്‍. പക്ഷേ മഴയുടെ കാര്യത്തില്‍ മലയാളികള്‍ പഴയ സെന്‍ കഥയിലെ വൃദ്ധയെപ്പോലെയാണ്. മഴ പെയ്താല്‍ ഇളയ മകളുടെ കാലുറ കച്ചവടം മുടങ്ങും. മഴപെയ്തില്ലെങ്കില്‍ മൂത്തവളുടെ കുടക്കച്ചവടവും മുടങ്ങും. അപ്പോള്‍ പിന്നെ മഴപെയ്താലും പെയ്തില്ലെങ്കിലും വൃദ്ധ കരയും. മഴ തിമിര്‍ത്ത് പെയ്യുന്ന കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് നാമിപ്പോള്‍. വേനല്‍ച്ചൂടില്‍ മഴയെ കൊതിച്ച അതേ നാവുകള്‍ തന്നെ ഇപ്പോള്‍ മഴയെ പഴിച്ചുതുടങ്ങിയിരിക്കുന്നു. മഴയിപ്പോള്‍ ശല്യക്കാരനായ വിരുന്നുകാരനെപ്പോലെ. പ്രത്യേകിച്ച് നഗരവാസികള്‍ക്ക്. 
മഴ ചാറിത്തുടങ്ങുമ്പോള്‍ തന്നെ ഓടിയൊളിക്കുന്നവരാണധികവും. ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ റോഡിലേക്കൊന്ന് നോക്കൂ. വാഹനങ്ങളുടെ വേഗം കൂടുന്നത് കാണാം. മഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിടുക്കവും ഉത്കണ്ഠയും തിരയിളക്കം പോലെ നിരത്തിലൊഴുകുന്ന മുഖങ്ങളിലൊക്കെ അപ്പോള്‍ തെളിയും. ഒരു മൂളിപ്പാട്ടും മൂളി നിറഞ്ഞ മനസ്സോടെ മഴ നനയുന്ന ഒരാളെയും കാണില്ല, ഒരിടത്തും. മഴയുടെ നനുത്ത കരങ്ങള്‍ നമ്മെ പുണരാനെത്തുമ്പോള്‍ ഓടിയൊളിക്കുന്നതെന്തിനാണ്. മഴയെന്നാല്‍ മലയാളിക്കിന്ന് കുട മാത്രമാണ്.. 


മഴ ജീവജലമാണ്. അനുഗ്രഹത്തിന്റെ മേഘവൃഷ്ടി. പ്രകൃതിയിലെ ഒരോ ജീവജാലവും അതിനായി കാത്തിരിക്കുന്നു. പുല്ലും പുല്‍ച്ചാടിയും തവളയും വേഴാമ്പലും മയിലുമൊക്കെ. മഴയെത്തുമ്പോള്‍ അവ പാട്ടു പാടിയും ആനന്ദനൃത്തം ചവിട്ടിയും വരവേല്‍ക്കുന്നു. പക്ഷേ മഴയെ അറിയാനും ആസ്വദിക്കാനും ഉപയോഗപ്പെടുത്താനുമുള്ള പാഠങ്ങള്‍ നാം മാത്രം മറന്നു. 'ചിലര്‍ മഴയെ അനുഭവിക്കുന്നു, മറ്റു ചിലര്‍ വെറുതേ നനയുക മാത്രം ചെയ്യുന്നു' എന്ന് ബോബ് ഡിലന്‍ പാടിയത് നമ്മെക്കുറിച്ചാണോ? മഴയുടെ കാഴ്ചയും സംഗീതവും ഗന്ധവും സ്പര്‍ശവുമൊക്കെ എത്ര അനുഭൂതിദായകമാണ്. മഴ നനയുമ്പോള്‍ ഉള്ളിലെ ദുഃഖങ്ങളകലും. നവോന്മേഷം കൈവരും. വസ്ത്രത്തിന്റെ നൂലിഴകളിലൂടെ നൂണ്ടിറങ്ങുന്ന ഒരോ മഴത്തുള്ളിയും ചര്‍മത്തെ തൊടുമ്പോള്‍ അനുഭവപ്പെടുന്ന കുളിര് പ്രകൃതിയിലെ അനന്തമായ ഊര്‍ജത്തിന്റെ കൈമാറ്റമാണ്. പുതുമഴ ഭൂമിയെ തൊടുമ്പോള്‍ ഉര്‍വരതയുടെ വശ്യഗന്ധം ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പുതുമഴയില്‍ നനഞ്ഞ് കൂമ്പി നില്‍ക്കുന്ന പ്രകൃതിയിലെ തിളക്കം അനുരാഗലോലയായ യുവതിയുടെ കണ്‍കോണ് പോലെ എത്ര മനോഹരമാണ്. കുടക്കണ്ണിലൂടെ മാത്രം മഴയെ നോക്കുന്നവര്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനുമാകില്ല..

പനി, രോഗങ്ങള്‍, അസൗകര്യം അങ്ങിനെയങ്ങിനെ മഴയോടുള്ള അനിഷ്ടത്തിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അനാവശ്യമായ മഴപ്പേടിയെ ഓംബ്രോഫോബിയ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. ഓബ്രോഫോബിയയുടെ വകഭേദമാണ് നമ്മുടെ ഈ മഴപ്പേടിയും. കുറച്ചുകാലമായി മഴക്കാലം കേരളത്തില്‍ പനിക്കാലമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞതും പരിസര ശുചിത്വത്തില്‍ മലയാളി പിന്നോക്കം പോയതുമാണതിന് കാരണം. അല്ലാതെ മഴയല്ല. സത്യത്തില്‍ മഴയൊരു രോഗവുമുണ്ടാക്കില്ല, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ഉള്ളിലെ വിഷാംശവുമൊക്കെയാണ് രോഗകാരികള്‍. മഴ നനയുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പ്രകൃതിജീവനം പറയുന്നത്. മഴനയാത്തതും വെയിലുകൊള്ളാത്തുമൊക്കെയാണ് രോഗാതുരത വര്‍ധിപ്പിക്കുന്നത്. 


ആയുര്‍വേദം പറയുന്നത് മഴവെള്ളം ദേഹത്ത് വീഴുന്നത് ക്ഷീണവും തളര്‍ച്ചയും അകറ്റുമെന്നാണ്. മഴക്കാലം വിസര്‍ഗകാലമാണ് ആയുര്‍വേദശാസ്ത്ര പ്രകാരം. ബലം ലഭിക്കുന്ന കാലം. സ്വസ്ഥചികില്‍സയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റിയ സമയം. കടുത്ത ചൂടില്‍ നിന്ന് മഴയുടെ കുളിരിലേക്ക് പൊടുന്നനെ പ്രകൃതി മാറുമ്പോള്‍ ശരീരബലം കുറയും. അപ്പോള്‍ കൃത്യമായ ഋതുചര്യകളിലൂടെ ബലം വീണ്ടെടുക്കുകയും കര്‍ശനമായ ശുചിത്വത്തിലൂടെ രോഗങ്ങളെ അകറ്റിനിറുത്തുകയും വേണം. പരമ്പരാഗതമായി മലയാളികള്‍ പാലിച്ചുവരുന്ന കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞി സേവ നല്ലൊരു ആരോഗ്യ ജീവന പദ്ധതിയാണ്. അണുബാധകള്‍ക്ക് സാധ്യത കൂടുതലുള്ള സമയമാണ് വര്‍ഷകാലമെന്നാണ് അധുനിക വൈദ്യം പറയുന്നത്. കര്‍ശനമായ വ്യക്തിശുചിത്വം പാലിച്ചാല്‍ പക്ഷേ അണുബാധയെ പേടിക്കേണ്ടി വരില്ല. മഴയെ ആസ്വദിക്കാനുമാവും. രോഗികള്‍ മഴ നനയുന്നതും അല്ലാത്തവര്‍ ദീര്‍ഘനേരം നനഞ്ഞിരിക്കുന്നതും ഒഴിവാക്കണമെന്ന് മാത്രം. മഴയെപ്പേടിച്ച് ഫുള്‍ടൈം അകത്തിരുന്നാലും അസുഖം പിടിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മഴയെപ്പേടിച്ച് മേല്‍ക്കൂരകള്‍ക്ക് കീഴെ ആളുകള്‍ തിങ്ങിക്കൂടുമ്പോള്‍ രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്നതാണ് വസ്തുത. പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്ന വര്‍ഷകാലത്ത്. 
ആരോഗ്യവാന്മാര്‍ ധൈര്യമായി മഴ നനയൂ. ശരീരത്തിലും ആത്മാവിലും മഴയുടെ കുളിരും താളവും നിറയട്ടെ. തണുക്കട്ടെ മനസ്സുകള്‍. മഴയുടെ മാജിക് നിങ്ങള്‍ തിരിച്ചറിയാതിരിക്കില്ല. 


വെയില്‍ രസകരമാണ്, മഴ ഉന്മേഷദായകവും കാറ്റോ, 
അത് നമ്മെ കരുത്തരാക്കും, മഞ്ഞ് ഹര്‍ഷോന്മാദമേകും, 
മോശം കാലാവസ്ഥ എന്നൊന്നില്ല, എല്ലാം നല്ല കാലാവസ്ഥയുടെ വകഭേദങ്ങള്‍ മാത്രം.

ജോണ്‍ റസ്‌കിന്‍