![]() |
മല്‍സരം നഷ്ടപ്പെടുത്തുന്നത് മനഃസമാധാനമാണ് |

വിഭവ ദൗര്‍ലഭ്യമാണ് മല്‍സരത്തെ സാധുകരിക്കാന്‍ എക്കാലവും ഉന്നയിക്കപ്പെട്ടുപോരുന്ന പ്രധാന വാദം. എന്നാല്‍ അതില്‍ വലിയ കഴമ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളതില്ല' എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയാണെങ്കില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്ന് സാരം. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് ആവശ്യമുള്ളതിലേറെയാണ്. കമ്പോളവത്കരണവും മാധ്യമ സ്വധീനവുമാണ് പലപ്പോഴും ഇത്തരം അനാവശ്യ ആഗ്രഹങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഒരു മല കിട്ടിയാല്‍പോലും മനുഷ്യന് രണ്ടാമതൊന്ന് ആഗ്രഹിക്കുമെന്നാണ് ചൊല്ല്. ആഗ്രഹമെന്ന വളരെ സെന്‍സിറ്റീവായ ഈ മനുഷ്യഭാവത്തെ തന്നെ ചൂഷണം ചെയ്താണ് ഇക്കാലത്ത് പ്രലോഭനത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നമുക്ക് ചുറ്റും മുളച്ചുപൊന്തുന്നതും തഴച്ചുവളരുന്നതും.
ജീവിതത്തോട് ചെയ്യുന്നത്
എന്താണ് സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ കഴുത്തറപ്പന്‍ മല്‍സരം ജീവിതത്തോട് ചെയ്യുന്നത്? വിജയത്തിനുവേണ്ടി പലപ്പോഴും മറ്റുള്ളവരുടെ തോളില്‍ ചവിട്ടാനും, ചവിട്ടിത്താഴ്ത്താനും അത് നമ്മെ നിര്‍ബന്ധിക്കുന്നു. പരസ്പരമുള്ള സഹായവും വിവര കൈമാറ്റവും പോലും തടയപ്പെടുന്നു. എതിരാളികളെന്ന് സങ്കല്പിക്കുന്നവരുടെ, അവരാരുമാകട്ടെ നല്ല പരിശ്രമങ്ങള്‍ പോലും അവമതിക്കപ്പെടുന്നു. എതിരാളിയുടെ ചിന്തയെയും പ്രവൃത്തിയെയുമൊക്കെ സദാ നിരീക്ഷിക്കാനും അവനെതിരെ തന്ത്രങ്ങള്‍ മെനയാനും ജീവിതത്തിലെ വിലപ്പെട്ട സമയവും ഊര്‍ജവും ചെലവാക്കേണ്ടിവരുന്നു. പരസ്പരം താരതമ്യപ്പെടുത്തിയും വിലയിരുത്തിയും സദാ ഉത്കണ്ഠപ്പെടുന്നു. അസൂയ, അത്യാഗ്രഹം, കുറ്റബോധം, ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ചിന്തകളിലും പ്രവൃത്തിയിലും നിറയുന്നു. തത്ഫലമായി മാനസിക സമ്മര്‍ദ്ധവും വേദനയും ദുഃഖവുമൊക്കെ ജീവിതത്തിന്റെ നിത്യഭാവമായി മാറുന്നു. മല്‍സരം മുറുകുമ്പോള്‍ നഷ്ടപ്പെടുന്നത് മനഃസമാധാനം തന്നെയാണ്. ചതി, മോഷണം, അഴിമതി, കൊലപാതകം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളും സമൂഹത്തില്‍ പെരുകുന്നതും ഈ മല്‍സരമനോഭാവം മൂലമാണെന്ന് കാണാന്‍ കഴിയും. എന്തുചെയ്തും പണമുണ്ടാക്കണം, സുഖം നേടണം, മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കണം എന്ന മനോഭാവമാണ് പലകുറ്റകൃത്യങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. ജീവിതത്തെ നിരന്തരം പിരിമുറുക്കത്തിലകപ്പെടുത്തുന്നതും രോഗങ്ങളിലേക്ക് നയിക്കുന്നതുമായ ഈ മല്‍സര മനോഭാവം നമുക്ക് വേണോ. ജീവിതം ഒന്നേയുള്ളൂ എന്നോര്‍ക്കുക.
സഹകരണം നല്ല വഴി
![]() |
സഹകരണമാണ് വിജയത്തിലേക്കുള്ള വഴി |
ജീവിതം ഒരു യാത്രപോലെയാണ്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ, അവരെ തോല്പിക്കാനോ ആണ് ആ യാത്രയിലൂടനീളം നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ യാത്ര പാഴാക്കുകയാണ്. മല്‍സര മനസ്സ് മൂലം മറ്റുള്ളവരുടെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെയാണ് വഴിമുടക്കുന്നത്. പകരം ജീവിതയാത്രയെ ആസ്വദിക്കുക. വീണുപോയവര്‍ക്ക് ഒരു കൈ സഹായം നല്‍കുക. അത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കും. കൊടുക്കുന്നത് മൂലം നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടില്ല. ഇരട്ടിയായി ലഭിക്കുകയേ ഉള്ളൂ. സ്നേഹമുണ്ട് എന്ന് പറയുന്നതിലല്ല കാര്യം. സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നതിലാണ് സത്യസന്ധത.