Thursday, June 6, 2013

മനം നിറയെ മഴ നനയാം...

  ...ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി, ചില ദിക്കില്‍ കരിങ്കൂവളപ്പൂക്കളുടെ ഇതളുകള്‍ പോലെ, ചില ദിക്കില്‍ വെട്ടിപ്പൊളിച്ച അഞ്ജനക്കൂട്ടങ്ങള്‍ പോലെ. മറ്റു ചിലയിടങ്ങളില്‍ ഗര്‍ഭിണികളുടെ സ്തനം പോലെയും അവ പരിലസിച്ചു. ദാഹിച്ചുവലഞ്ഞ വേഴാമ്പലിന്റെ യാചന കേട്ട് മേഘം മഴത്തുള്ളികളായി ഇമ്പമായ ശബ്ദത്തോടെ താഴേക്ക് പതിക്കാന്‍ തുടങ്ങി. മനോഹരവും സുന്ദരിമാരുടെ ഹൃദയത്തെ വശീകരിക്കുന്നതും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവനുമായ ഈ മഴക്കാലം പ്രിയേ നിനക്കും ആഗ്രഹങ്ങള്‍ പൂവണിയുന്നതായി തീരട്ടെ... 
മഴനൂലുകള്‍ പോലെ മനോഹരമായ ഈ വര്‍ഷകാല വര്‍ണന കാളിദാസന്റേതാണ്. സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലുമൊക്കെ മഴയ്ക്ക് നവരസ ഭാവമാണ്. ചിലപ്പോള്‍ ശൃംഗാരം. മറ്റ് ചിലപ്പോള്‍ കരുണം, രൗദ്രം, ശാന്തം, അങ്ങിനെയങ്ങിനെ മഴവില്ലുപോലെ ഭാവങ്ങളുടെ മഴച്ചാര്‍ത്തുകള്‍ക്ക് അഴകേറെ. ഭാവനയില്‍ മലയാളിയും മഴയെ വരച്ചുവെച്ചത് എന്നും വികാരവായ്പിന്റെ ഇളം നിറങ്ങളിലാണ്. കാല്‍പനിക സൗന്ദര്യം നിറഞ്ഞ ആ വാക്കുകളില്‍ മഴ പനിനീര്‍മഴയും ഗന്ധര്‍ഗാനവുമൊക്കെയായി. പക്ഷേ ജീവിതത്തിലോ?. 


സമൃദ്ധമായ മഴയാല്‍ ഇത്രമേല്‍ അനുഗ്രഹീതമായ മറ്റേതൊരു നാടുണ്ട് കേരളം പോലെ. മണ്‍സൂണ്‍ മഴയാണ് നമ്മുടെ നാട്ടുപച്ചപ്പിന് പിന്നില്‍. പക്ഷേ മഴയുടെ കാര്യത്തില്‍ മലയാളികള്‍ പഴയ സെന്‍ കഥയിലെ വൃദ്ധയെപ്പോലെയാണ്. മഴ പെയ്താല്‍ ഇളയ മകളുടെ കാലുറ കച്ചവടം മുടങ്ങും. മഴപെയ്തില്ലെങ്കില്‍ മൂത്തവളുടെ കുടക്കച്ചവടവും മുടങ്ങും. അപ്പോള്‍ പിന്നെ മഴപെയ്താലും പെയ്തില്ലെങ്കിലും വൃദ്ധ കരയും. മഴ തിമിര്‍ത്ത് പെയ്യുന്ന കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് നാമിപ്പോള്‍. വേനല്‍ച്ചൂടില്‍ മഴയെ കൊതിച്ച അതേ നാവുകള്‍ തന്നെ ഇപ്പോള്‍ മഴയെ പഴിച്ചുതുടങ്ങിയിരിക്കുന്നു. മഴയിപ്പോള്‍ ശല്യക്കാരനായ വിരുന്നുകാരനെപ്പോലെ. പ്രത്യേകിച്ച് നഗരവാസികള്‍ക്ക്. 
മഴ ചാറിത്തുടങ്ങുമ്പോള്‍ തന്നെ ഓടിയൊളിക്കുന്നവരാണധികവും. ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ റോഡിലേക്കൊന്ന് നോക്കൂ. വാഹനങ്ങളുടെ വേഗം കൂടുന്നത് കാണാം. മഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിടുക്കവും ഉത്കണ്ഠയും തിരയിളക്കം പോലെ നിരത്തിലൊഴുകുന്ന മുഖങ്ങളിലൊക്കെ അപ്പോള്‍ തെളിയും. ഒരു മൂളിപ്പാട്ടും മൂളി നിറഞ്ഞ മനസ്സോടെ മഴ നനയുന്ന ഒരാളെയും കാണില്ല, ഒരിടത്തും. മഴയുടെ നനുത്ത കരങ്ങള്‍ നമ്മെ പുണരാനെത്തുമ്പോള്‍ ഓടിയൊളിക്കുന്നതെന്തിനാണ്. മഴയെന്നാല്‍ മലയാളിക്കിന്ന് കുട മാത്രമാണ്.. 


മഴ ജീവജലമാണ്. അനുഗ്രഹത്തിന്റെ മേഘവൃഷ്ടി. പ്രകൃതിയിലെ ഒരോ ജീവജാലവും അതിനായി കാത്തിരിക്കുന്നു. പുല്ലും പുല്‍ച്ചാടിയും തവളയും വേഴാമ്പലും മയിലുമൊക്കെ. മഴയെത്തുമ്പോള്‍ അവ പാട്ടു പാടിയും ആനന്ദനൃത്തം ചവിട്ടിയും വരവേല്‍ക്കുന്നു. പക്ഷേ മഴയെ അറിയാനും ആസ്വദിക്കാനും ഉപയോഗപ്പെടുത്താനുമുള്ള പാഠങ്ങള്‍ നാം മാത്രം മറന്നു. 'ചിലര്‍ മഴയെ അനുഭവിക്കുന്നു, മറ്റു ചിലര്‍ വെറുതേ നനയുക മാത്രം ചെയ്യുന്നു' എന്ന് ബോബ് ഡിലന്‍ പാടിയത് നമ്മെക്കുറിച്ചാണോ? മഴയുടെ കാഴ്ചയും സംഗീതവും ഗന്ധവും സ്പര്‍ശവുമൊക്കെ എത്ര അനുഭൂതിദായകമാണ്. മഴ നനയുമ്പോള്‍ ഉള്ളിലെ ദുഃഖങ്ങളകലും. നവോന്മേഷം കൈവരും. വസ്ത്രത്തിന്റെ നൂലിഴകളിലൂടെ നൂണ്ടിറങ്ങുന്ന ഒരോ മഴത്തുള്ളിയും ചര്‍മത്തെ തൊടുമ്പോള്‍ അനുഭവപ്പെടുന്ന കുളിര് പ്രകൃതിയിലെ അനന്തമായ ഊര്‍ജത്തിന്റെ കൈമാറ്റമാണ്. പുതുമഴ ഭൂമിയെ തൊടുമ്പോള്‍ ഉര്‍വരതയുടെ വശ്യഗന്ധം ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പുതുമഴയില്‍ നനഞ്ഞ് കൂമ്പി നില്‍ക്കുന്ന പ്രകൃതിയിലെ തിളക്കം അനുരാഗലോലയായ യുവതിയുടെ കണ്‍കോണ് പോലെ എത്ര മനോഹരമാണ്. കുടക്കണ്ണിലൂടെ മാത്രം മഴയെ നോക്കുന്നവര്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനുമാകില്ല..

പനി, രോഗങ്ങള്‍, അസൗകര്യം അങ്ങിനെയങ്ങിനെ മഴയോടുള്ള അനിഷ്ടത്തിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അനാവശ്യമായ മഴപ്പേടിയെ ഓംബ്രോഫോബിയ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. ഓബ്രോഫോബിയയുടെ വകഭേദമാണ് നമ്മുടെ ഈ മഴപ്പേടിയും. കുറച്ചുകാലമായി മഴക്കാലം കേരളത്തില്‍ പനിക്കാലമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞതും പരിസര ശുചിത്വത്തില്‍ മലയാളി പിന്നോക്കം പോയതുമാണതിന് കാരണം. അല്ലാതെ മഴയല്ല. സത്യത്തില്‍ മഴയൊരു രോഗവുമുണ്ടാക്കില്ല, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ഉള്ളിലെ വിഷാംശവുമൊക്കെയാണ് രോഗകാരികള്‍. മഴ നനയുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പ്രകൃതിജീവനം പറയുന്നത്. മഴനയാത്തതും വെയിലുകൊള്ളാത്തുമൊക്കെയാണ് രോഗാതുരത വര്‍ധിപ്പിക്കുന്നത്. 


ആയുര്‍വേദം പറയുന്നത് മഴവെള്ളം ദേഹത്ത് വീഴുന്നത് ക്ഷീണവും തളര്‍ച്ചയും അകറ്റുമെന്നാണ്. മഴക്കാലം വിസര്‍ഗകാലമാണ് ആയുര്‍വേദശാസ്ത്ര പ്രകാരം. ബലം ലഭിക്കുന്ന കാലം. സ്വസ്ഥചികില്‍സയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റിയ സമയം. കടുത്ത ചൂടില്‍ നിന്ന് മഴയുടെ കുളിരിലേക്ക് പൊടുന്നനെ പ്രകൃതി മാറുമ്പോള്‍ ശരീരബലം കുറയും. അപ്പോള്‍ കൃത്യമായ ഋതുചര്യകളിലൂടെ ബലം വീണ്ടെടുക്കുകയും കര്‍ശനമായ ശുചിത്വത്തിലൂടെ രോഗങ്ങളെ അകറ്റിനിറുത്തുകയും വേണം. പരമ്പരാഗതമായി മലയാളികള്‍ പാലിച്ചുവരുന്ന കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞി സേവ നല്ലൊരു ആരോഗ്യ ജീവന പദ്ധതിയാണ്. അണുബാധകള്‍ക്ക് സാധ്യത കൂടുതലുള്ള സമയമാണ് വര്‍ഷകാലമെന്നാണ് അധുനിക വൈദ്യം പറയുന്നത്. കര്‍ശനമായ വ്യക്തിശുചിത്വം പാലിച്ചാല്‍ പക്ഷേ അണുബാധയെ പേടിക്കേണ്ടി വരില്ല. മഴയെ ആസ്വദിക്കാനുമാവും. രോഗികള്‍ മഴ നനയുന്നതും അല്ലാത്തവര്‍ ദീര്‍ഘനേരം നനഞ്ഞിരിക്കുന്നതും ഒഴിവാക്കണമെന്ന് മാത്രം. മഴയെപ്പേടിച്ച് ഫുള്‍ടൈം അകത്തിരുന്നാലും അസുഖം പിടിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മഴയെപ്പേടിച്ച് മേല്‍ക്കൂരകള്‍ക്ക് കീഴെ ആളുകള്‍ തിങ്ങിക്കൂടുമ്പോള്‍ രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്നതാണ് വസ്തുത. പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്ന വര്‍ഷകാലത്ത്. 
ആരോഗ്യവാന്മാര്‍ ധൈര്യമായി മഴ നനയൂ. ശരീരത്തിലും ആത്മാവിലും മഴയുടെ കുളിരും താളവും നിറയട്ടെ. തണുക്കട്ടെ മനസ്സുകള്‍. മഴയുടെ മാജിക് നിങ്ങള്‍ തിരിച്ചറിയാതിരിക്കില്ല. 


വെയില്‍ രസകരമാണ്, മഴ ഉന്മേഷദായകവും കാറ്റോ, 
അത് നമ്മെ കരുത്തരാക്കും, മഞ്ഞ് ഹര്‍ഷോന്മാദമേകും, 
മോശം കാലാവസ്ഥ എന്നൊന്നില്ല, എല്ലാം നല്ല കാലാവസ്ഥയുടെ വകഭേദങ്ങള്‍ മാത്രം.

ജോണ്‍ റസ്‌കിന്‍

Thursday, May 16, 2013

മല്‍സരമല്ല ജീവിതം...

മല്‍സരം നഷ്ടപ്പെടുത്തുന്നത് മനഃസമാധാനമാണ്‌
ഒരു സിംഫണിയിലെ ഓരോ സംഗീതോപകരണവും മറ്റുള്ളവയോട് മല്‍സരിക്കുകയും ശബ്ദം കൊണ്ട് അവയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. എന്തായിരിക്കും ഫലം. തീര്‍ച്ചയായും അത് ഒരു സിംഫണിയായിരിക്കില്ല. പകരം അതൊരലര്‍ച്ചയായിരിക്കും. സമാനമാണിന്ന് ജീവിതത്തിന്റെ അവസ്ഥയും. എല്ലാവരും ഇന്ന് പരസ്പരം മല്‍സരത്തിലാണ്. അയല്‍ക്കാര്‍ തമ്മില്‍, ബന്ധുക്കള്‍ തമ്മില്‍, സഹപ്രവര്‍ത്തകര്‍ തമ്മില്‍, വാഹനങ്ങള്‍ തമ്മില്‍, എന്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും. എല്ലാവര്‍ക്കും ഓവര്‍ടേക്ക് ചെയ്യണം, മറ്റുള്ളവരെ പിന്നിലാക്കണം, വിജയിക്കണം. ആധുനിക ജീവിതശൈലിയുടെ മുഖമുദ്രയാണ് ഈ മല്‍സരം. ഞാനോ നീയോ ആരാണ് മികച്ചവന്‍ എന്ന ചിന്തയാണിതിന് പിന്നില്‍. മികച്ച വീട്, സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍, കാറ്, ജോലി, ഉദ്യോഗക്കയറ്റം അങ്ങിനെ മല്‍സരിക്കാന്‍ ഓരോരുത്തര്‍ക്കും എത്രയെത്രകാരണങ്ങളുണ്ട്. കൂടുതല്‍ സമ്പത്തും സൗകര്യങ്ങളും ഉള്ളവന് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം, സംതൃപ്തി; അവനാണ് മികച്ചവന്‍ എന്ന തെറ്റായ ധാരണയാണ് ജീവിതത്തെ ഇങ്ങിനെ നിരന്തര മല്‍സരവേദിയാക്കുന്നത്. പലപ്പോഴും മല്‍സരിക്കുന്നവര്‍ക്കു പോലും അറിയില്ല, അവര്‍ പരസ്പരം മല്‍സരിക്കുകയാണെന്ന്. പുറമേ ഓളങ്ങളുണ്ടാക്കാത്ത പുഴയിലെ അടിയൊഴുക്കുപോലെയത് പക്ഷേ കൂടെയുണ്ട്. ഉത്കണ്ഠയുടെയും പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ ചുഴികളൊരുക്കി അത് പലരുടെയും ജീവിതത്തെ സംഘര്‍ഷഭുമിയാക്കുന്നുണ്ട്. ഉറക്കം കെടുത്തുന്നുണ്ട്. 

മല്‍സരം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണോ? അതേ എന്നും അല്ല എന്നും ഉത്തരമുണ്ട്. മനുഷ്യന്റെ രക്തത്തില്‍ തന്നെ മല്‍സര സ്വഭാവം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നാണ് മല്‍സര വക്താക്കളുടെ വാദം. അണ്ഡത്തെ സന്ധിക്കാനുള്ള ബീജങ്ങളുടെ ഓട്ടമല്‍സരം വരെ അവര്‍ അതിന് ഉദാഹരിക്കുന്നുണ്ട്. എന്നാല്‍ മല്‍സരം ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമ്പോള്‍ വേണ്ട എന്നു തന്നെ പറയേണ്ടിവരും. ജീവിതത്തില്‍ നിന്ന് മല്‍സരം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പ്രയാസമാണ്. പക്ഷേ ജീവിതത്തിലെ അധിക മല്‍സരവും നാം സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്നതാണ്, സ്വയം തെരെഞ്ഞെടുക്കുന്നതാണ്. കാരണം വിജയിക്കേ നിലനില്‍പ്പുള്ളൂ എന്ന കാഴ്ചപ്പാടാണ്(ഭയമാണ്) നാം കുഞ്ഞുന്നാളിലേ പഠിപ്പിക്കപ്പെട്ടത്. നാം വളര്‍ത്തപ്പെട്ടതും അത്തരം അച്ചിലാണ്. സ്‌നേഹത്തിനും ശ്രദ്ധയ്ക്കും ഗ്രേഡുകള്‍ക്കും വേണ്ടി പരസ്പരം മല്‍സരിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍. പോരാത്തതിന് എക്കാലവും വീരന്മാരുടെയും വിജയികളുടെയും ഉദാത്തവത്കരിക്കപ്പെട്ട കഥകളാണ് നാലുപാടും നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്നതും. 
വിഭവ ദൗര്‍ലഭ്യമാണ് മല്‍സരത്തെ സാധുകരിക്കാന്‍ എക്കാലവും ഉന്നയിക്കപ്പെട്ടുപോരുന്ന പ്രധാന വാദം. എന്നാല്‍ അതില്‍ വലിയ കഴമ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളതില്ല' എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയാണെങ്കില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്ന് സാരം. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് ആവശ്യമുള്ളതിലേറെയാണ്. കമ്പോളവത്കരണവും മാധ്യമ സ്വധീനവുമാണ് പലപ്പോഴും ഇത്തരം അനാവശ്യ ആഗ്രഹങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഒരു മല കിട്ടിയാല്‍പോലും മനുഷ്യന്‍ രണ്ടാമതൊന്ന് ആഗ്രഹിക്കുമെന്നാണ് ചൊല്ല്. ആഗ്രഹമെന്ന വളരെ സെന്‍സിറ്റീവായ ഈ മനുഷ്യഭാവത്തെ തന്നെ ചൂഷണം ചെയ്താണ് ഇക്കാലത്ത് പ്രലോഭനത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നമുക്ക് ചുറ്റും മുളച്ചുപൊന്തുന്നതും തഴച്ചുവളരുന്നതും. 

ജീവിതത്തോട് ചെയ്യുന്നത്
എന്താണ് സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ കഴുത്തറപ്പന്‍ മല്‍സരം ജീവിതത്തോട് ചെയ്യുന്നത്? വിജയത്തിനുവേണ്ടി പലപ്പോഴും മറ്റുള്ളവരുടെ തോളില്‍ ചവിട്ടാനും, ചവിട്ടിത്താഴ്ത്താനും അത് നമ്മെ നിര്‍ബന്ധിക്കുന്നു. പരസ്പരമുള്ള സഹായവും വിവര കൈമാറ്റവും പോലും തടയപ്പെടുന്നു. എതിരാളികളെന്ന് സങ്കല്‍പിക്കുന്നവരുടെ, അവരാരുമാകട്ടെ നല്ല പരിശ്രമങ്ങള്‍ പോലും അവമതിക്കപ്പെടുന്നു. എതിരാളിയുടെ ചിന്തയെയും പ്രവൃത്തിയെയുമൊക്കെ സദാ നിരീക്ഷിക്കാനും അവനെതിരെ തന്ത്രങ്ങള്‍ മെനയാനും ജീവിതത്തിലെ വിലപ്പെട്ട സമയവും ഊര്‍ജവും ചെലവാക്കേണ്ടിവരുന്നു. പരസ്പരം താരതമ്യപ്പെടുത്തിയും വിലയിരുത്തിയും സദാ ഉത്കണ്ഠപ്പെടുന്നു. അസൂയ, അത്യാഗ്രഹം, കുറ്റബോധം, ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ചിന്തകളിലും പ്രവൃത്തിയിലും നിറയുന്നു. തത്ഫലമായി മാനസിക സമ്മര്‍ദ്ധവും വേദനയും ദുഃഖവുമൊക്കെ ജീവിതത്തിന്റെ നിത്യഭാവമായി മാറുന്നു. മല്‍സരം മുറുകുമ്പോള്‍ നഷ്ടപ്പെടുന്നത് മനഃസമാധാനം തന്നെയാണ്. ചതി, മോഷണം, അഴിമതി, കൊലപാതകം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളും സമൂഹത്തില്‍ പെരുകുന്നതും ഈ മല്‍സരമനോഭാവം മൂലമാണെന്ന് കാണാന്‍ കഴിയും. എന്തുചെയ്തും പണമുണ്ടാക്കണം, സുഖം നേടണം, മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കണം എന്ന മനോഭാവമാണ് പലകുറ്റകൃത്യങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. ജീവിതത്തെ നിരന്തരം പിരിമുറുക്കത്തിലകപ്പെടുത്തുന്നതും രോഗങ്ങളിലേക്ക് നയിക്കുന്നതുമായ ഈ മല്‍സര മനോഭാവം നമുക്ക് വേണോ. ജീവിതം ഒന്നേയുള്ളൂ എന്നോര്‍ക്കുക.
സഹകരണം നല്ല വഴി
സഹകരണമാണ് ജീവിത വിജയത്തിലേക്കുള്ള ശരിയായ വഴി, മല്‍സരമല്ല. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ പ്രമാണം. പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറിയാല്‍ വിജയം എളുപ്പമാവും. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. മനഃസമാധാനവും നഷ്ടമാകില്ല. ജീവിതത്തിന്റെ ഭാവം മല്‍സരമായി മാറുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നഷ്ടമാകുന്നത്. കൂട്ടായ്മയുടെ മധുരമാണ് ഇല്ലാതാവുന്നത്. മല്‍സര മനോഭാവത്തെ കീഴടക്കാന്‍ ആദ്യം വേണ്ടത് അത്യാഗ്രഹവും സ്വാര്‍ത്ഥതയും വെടിയലാണ്. ഉള്ളതില്‍ സംതൃപ്തനാവുക. അത് സമര്‍ത്ഥമായി വിനിയോഗിക്കുക, നിങ്ങള്‍ക്കും സഹജീവികള്‍ക്കും വേണ്ടി. ഇല്ലെങ്കില്‍ അസൂയ സ്‌നേഹരൂപേണ ജീവിതത്തിലേക്ക് കടന്നുവരും. അത് മല്‍സരവും വെറുപ്പുമായി മാറാന്‍ അധിക നേരം പിന്നെ വേണ്ടിവരില്ല. പരസ്പര ബഹുമാനം, വിശ്വാസം, ആത്മാര്‍ത്ഥത, മാനവികത ഇവയാണ് സഹകരണത്തിന് അടിസ്ഥാനപരമായി വേണ്ട മറ്റു ഗുണങ്ങള്‍. 
സഹകരണമാണ് വിജയത്തിലേക്കുള്ള വഴി

ജീവിതം ഒരു യാത്രപോലെയാണ്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ, അവരെ തോല്‍പിക്കാനോ ആണ് ആ യാത്രയിലൂടനീളം നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ യാത്ര പാഴാക്കുകയാണ്. മല്‍സര മനസ്സ് മൂലം മറ്റുള്ളവരുടെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെയാണ് വഴിമുടക്കുന്നത്. പകരം ജീവിതയാത്രയെ ആസ്വദിക്കുക. വീണുപോയവര്‍ക്ക് ഒരു കൈ സഹായം നല്‍കുക. അത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കും. കൊടുക്കുന്നത് മൂലം നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടില്ല. ഇരട്ടിയായി ലഭിക്കുകയേ ഉള്ളൂ. സ്‌നേഹമുണ്ട് എന്ന് പറയുന്നതിലല്ല കാര്യം. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നതിലാണ് സത്യസന്ധത.

Monday, May 6, 2013

ഇന്നലെയും നാളെയും പോട്ടെ, നമുക്ക് 'ഇപ്പോള്‍' ജീവിക്കാം

 രിക്കല്‍ ഒരു ജാപ്പനീസ് പടയാളിയെ ശത്രുക്കള്‍ പിടികൂടി ജയിലിലടച്ചു. ആ രാത്രി അയാള്‍ക്ക് ഒരു പോള കണ്ണടക്കാനായില്ല. പിറ്റേന്ന് പുലരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ഭീകരമായ പീഢനങ്ങളായിരുന്നു അയാളുടെ മനസ്സില്‍. ആധിപിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കവേ പണ്ടൊരിക്കലെന്നോ കണ്ട സെന്‍ഗുരുവിന്റെ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി. 'നാളെ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ല, അതൊരു മായയാണ്. ഇപ്പോള്‍, ഈ നിമിഷം, അത് മാത്രമാണ് യാഥാര്‍ത്ഥ്യം...' തിരയടങ്ങിയ കടലുപോലെ പതിയെ അയാളുടെ മനസ്സ് ശാന്തമായി. അപ്പോള്‍ അയാള്‍ക്ക് നിഴലും നിലാവും രാപ്പാടിയുടെ പാട്ടുമൊക്കെ ആസ്വദിക്കാനായി. ഇലയനങ്ങാതെ, ഇമയറിയാതെ ഉറക്കം അയാളെ കൂട്ടിക്കൊണ്ടുപോയി. 

ഈ അശാന്തനായ പടയാളിയെപ്പോലെയാണ് നമ്മിലധികം പേരും. ഭൂതത്തിന്റെയും ഭാവിയുടെയും തടവറയില്‍ ജീവിക്കുന്നവര്‍. വര്‍ത്തമാനത്തില്‍ ജീവിക്കുന്നവര്‍ വളരെക്കുറച്ചുമാത്രം. ഒരിക്കല്‍ ബുദ്ധന്‍ പറഞ്ഞു, 'വരാനിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിലും കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കുന്നതിലുമല്ല മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യരഹസ്യം, ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാര്‍ത്ഥതയോടും ജീവിക്കുന്നതിലാണ്'. ആലോചിച്ച് നോക്കൂ. നമ്മുടെ പ്രശ്‌നങ്ങള്‍ക്കധികവും കാരണമിതുതന്നെയല്ലേ. ജീവിതത്തിന്റെ മനോഹാരിത നശിപ്പിക്കുന്നത് ഈ അനാവശ്യ ചിന്തകളല്ലേ. പിരിമുറുക്കവും കോപവും അസ്വസ്ഥതകളുമാണതിന്റെ അനന്തരഫലം.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഇന്നലെയും നാളെയും. ഒന്നാമത്തേത് കഴിഞ്ഞുപോയതാണ്. അതിലിനി നമുക്ക് ഒന്നും ചെയ്യാനില്ല, ചെയ്യാനാവുകയുമില്ല. രണ്ടാമത്തേത് വരാനുള്ളതാണ്. 'നാളെകള്‍ ഒരിക്കലും വരുന്നില്ല' എന്ന് കേട്ടിട്ടില്ലേ. നാളെ എന്നത് ഒരു കണ്‍സെപ്റ്റ് മാത്രമാണ്, കാത്തിരിപ്പാണ്. സമീപസ്ഥമാണ് എന്ന് അത് നമ്മെതോന്നിപ്പിക്കുന്നുവെന്ന് മാത്രം. സത്യത്തില്‍ 'ഇന്ന്' മാത്രമാണ് നിലനില്‍ക്കുന്നത്. നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതും 'ഇപ്പോള്‍' മാത്രമാണ്. ഇന്നിലല്ല നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ കഴിയുന്നത് അയഥാര്‍ത്ഥ ലോകത്താണ്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവാത്ത ലോകത്ത്. അകാരണമായ ഭയം നമ്മെ കീഴടക്കുന്നത് അപ്പോഴാണ്. നിലവിലില്ലാത്ത ഒന്നിന് കാത്തിരുന്ന് ഉള്ളത് കളയണോ? ദൈവത്തിന്റെ അനന്തമായ ഖജാനയില്‍ നിന്ന് നമുക്കനുവദിച്ച സമയം എപ്പോഴാണ് തീര്‍ന്നുപോകുന്നതെന്ന് ആര്‍ക്കറിയാം. ആലോചിക്കുമ്പോള്‍ അങ്ങിനെ എത്ര സമയം പാഴായി അല്ലേ? പോട്ടെ, പോയത് പോട്ടെ. 'വയലേലകളിലെ മനോഹരമായ ലില്ലിപ്പൂക്കളെ നോക്കൂ, അവ നാളെയെപ്പറ്റി ചിന്തിക്കുന്നതേയില്ല, അവ 'ഇപ്പോള്‍' ജീവിക്കുന്നു..' ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ലില്ലിപ്പൂ പോലെ മനോഹരമാകുമെന്നാണ് യേശുക്രിസ്തു ഈ ഉപമയിലൂടെ പഠിപ്പിക്കുന്നത്. 

ഓരോ നിമിഷവും നമുക്ക് പൂര്‍ണമായി ജീവിക്കാം. എ കംപഌറ്റ് ലിവിംങ്. ക്ഷിപ്രസാധ്യമല്ല അത്. മനുഷ്യന് ലഭിക്കുന്ന ഓരോ നിമിഷവും ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണ്. റീവൈന്‍ഡ് ചെയ്യാനോ റിപ്പീറ്റ് ചെയ്യാനോ കഴിയാത്ത സമയത്തിന്റെ തന്മാത്ര. അത് അവസാന തുള്ളിവരെ അനുഭവിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. ജീവിതമാകെ കൂട്ടിക്കിഴിച്ച് നോക്കിയാല്‍ കാലും അരയും മുക്കാലും മാത്രം ജീവിക്കാനായ എത്രയെത്ര നിമിഷങ്ങളുണ്ടാവും. ഒന്ന് കടിച്ച് വലിച്ചെറിഞ്ഞ ആപ്പിള്‍ പോലെ എത്രയെത്ര നിമിഷങ്ങള്‍. അതായിരിക്കും ആയുസ്സിന്റെ ഭൂരിഭാഗവും. പാഴായ സമയങ്ങളെക്കുറിച്ചുള്ള ഓര്‍മയില്‍ അവ ബാക്കിവെച്ച ഭക്ഷണം പോലെ ചീഞ്ഞ് നാറി അവശിഷ്ട ജീവിതത്തെയും ദുര്‍ഗന്ധപൂരിതമാക്കും. ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നറിയുക. ദാനത്തെ നിന്ദിക്കുന്നത് മാന്യതയല്ല. വരണ്ട ഭുമിയിലെ ഓരോ മണല്‍തരിയെയും പുതുമഴ നിറയ്ക്കുന്നതുപോലെ ആയുസ്സിലെ ഓരോ നിമിഷത്തെയും ജീവിതം കൊണ്ട് നിറയ്ക്കുക. ജീവനുള്ള ജീവിതം. ദൈവത്തിനുമുന്നില്‍ മനുഷ്യന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അത്. 

ഈ നിമിഷം മുതല്‍ ഇന്നില്‍ ജീവിച്ചു തുടങ്ങാം, പൂര്‍ണമായിത്തന്നെ. ജീവിക്കുന്ന ലോകത്തിലും കാലത്തിലും മനസ്സിന്റെ സാന്നിധ്യം ഉറപ്പാക്കലാണത്. അത് നിങ്ങളുടെ ശാരീരികാരോഗ്യത്തിലും വൈകാരിക നിലയിലും മാറ്റം വരുത്തും, ഉറപ്പ്. ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ഇന്ന് എങ്ങിനെയാണോ അങ്ങിനെ നാം അതിനെ സ്വീകരിക്കുകയാണ്. അതിന്റെ എല്ലാ കുറ്റങ്ങളോടെയും കുറവുകളോടെയും. ഇന്നലെ സംഭവിച്ചതെന്തുമാകട്ടെ, അത് ദുരന്തമോ, അനിഷ്ടകരമായതോ എന്തുമാവാം. അത് സംഭവിക്കാതിരിന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതുകൊണ്ടോ അതിനോട് മല്ലടിക്കുന്നതുകൊണ്ടോ കാര്യമില്ല. അതിനെ പൂര്‍ണ മനസ്സോടെ സ്വീകരിച്ച് മുന്നോട്ട് പോവുക. അപ്പോള്‍ നമുക്ക് നമ്മുടെ തെറ്റുകളോട് പൊറുക്കാന്‍ കഴിയും. മറ്റുള്ളവരുടേതിനോടും. മനസ്സിന് സമാധാനം ലഭിക്കും. 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്' എന്നാണ് ഭഗവദ്ഗീത പറയുന്നത്. 

പലരും ജീവിതത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ അത് മറ്റൊരുസമയത്തേക്ക് മാറ്റി വെക്കാറാണ് പതിവ്. ഒരു പ്രത്യേക ദിവസമെന്നോ, നല്ല സമയമെന്നോ ഒക്കെ കരുതിയാവും. പലപ്പോഴും അത് സംഭവിക്കാറില്ലെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ ഇപ്പോളാണതിന് പറ്റിയ സമയം. മാറ്റത്തെക്കുറിച്ചാലോചിക്കുന്ന അതേസമയം. ഒന്നും അയഥാര്‍ത്ഥമായ നാളെയിലേക്ക് മാറ്റിവെക്കരുത്. മറ്റൊന്ന് മനസ്സിനെ ശാന്തമാക്കാനുള്ള പ്രേരണയെ നിയന്ത്രിക്കുക എന്നതാണ്. ശാന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാവുകയാണ് ചെയ്യുന്നത്. പകരം ചിന്തകള്‍ വന്നുപോട്ടെ. അവയെ നല്ലത് ചീത്തത് എന്ന് വേര്‍തിരിക്കാതെ അവയ്ക്ക് സാക്ഷിയാവുക. ഒപ്പം ശ്വസനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. അത് യാഥാര്‍ത്ഥ്യലോകത്തേക്ക് തിരികെവരാന്‍ സഹായിക്കും. ബോധപൂര്‍ണമായ ശ്വസനം നമ്മെ വര്‍ത്തമാനത്തിലെത്തിക്കും. 
സംഗീതാസ്വാദനവും മനസ്സ് തെളിയാന്‍ നല്ലതാണ്. ചെയ്യുന്നതെന്തും അറിഞ്ഞ്, ആസ്വദിച്ച്, മനസ്സ് കൊടുത്ത് ചെയ്യാന്‍ ശ്രമിക്കുക. നിന്റേത്, എന്റേത്, വലുത്, ചെറുത് തുടങ്ങിയ കാഴ്ചപ്പാടുകളെല്ലാം മനസ്സില്‍ നിന്ന് മായ്ച്ച് കളയുക. നിങ്ങളിന്നെന്താണോ അതിനൊക്കെ കാരണക്കാരായവരോട് നന്ദിയുള്ള മനസ്സ് സദാ നിലനിര്‍ത്തുക. 

Friday, May 3, 2013

ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...

ഒരിക്കല്‍ ബുദ്ധനും ശിഷ്യഗണങ്ങളും ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. യാത്രക്കിടെ ബുദ്ധന്‍ പാതയോരത്തെ ഒരു മരച്ചോട്ടില്‍ വിശ്രമിക്കാനിരുന്നു. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് ബുദ്ധന്‍ തന്റെ ആശയങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ബുദ്ധന്‍ സംസാരിച്ചുതുടങ്ങിയതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ കേള്‍ക്കാനായി ചുറ്റുംകൂടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം ദുരെ മാറി നിന്ന് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തി നാട്ടുകാരെ കയ്യിലെടുത്ത് സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഘമെന്നാണ് അയാള്‍ കരുതിയത്. ആളുകളുടെ എണ്ണം കൂടിവരുന്നത് കണ്ട് കോപാകുലനായ ചെറുപ്പക്കാരന്‍ ബുദ്ധനടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ ബുദ്ധനൊന്നും പ്രതികരിച്ചില്ല. ശാന്തനായി അയാളുടെ ചീത്തവിളി കേട്ടിരുന്ന ബുദ്ധന്‍ ഒടുവില്‍ ചോദിച്ചു- 
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും? 
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു, 
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ. 
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു. 
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍ 
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു.

Tuesday, June 14, 2011

നല്ല പെരുമാറ്റം നേട്ടങ്ങളിലേക്കുള്ള വാതില്‍

നല്ലവരോട് ഞാന്‍
നല്ലപോലെ പെരുമാറുന്നു.
നല്ലവരല്ലാത്തവരോടും ഞാന്‍
നല്ലപോലെ പെരുമാറുന്നു.
ഇപ്രകാരം എനിക്ക് നന്മ ലഭിക്കുന്നു
ലാവോത്സു

സുഗന്ധം പരത്തുന്ന മനോഹരമായ ഉദ്യാന പുഷ്പങ്ങള്‍ പോലെയാണ് നന്നായി പെരുമാറുന്ന വ്യക്തികള്‍. അവരുടെ ചിരിയും സംസാരവും നടപ്പുമൊക്കെ പൂവിതളുകള്‍ പോലെ മനോഹരവും മൃദുലവുമായിരിക്കും. അത്തരക്കാരെ കാണുന്നത് പോലും അകം കുളി
ര്‍ക്കുന്ന കാഴ്ചയാണ്. കസ്തൂരിമാനെപ്പോലെയാണ് ഈ പെരുമാറ്റ സുഗന്ധമുള്ള വ്യക്തികള്‍. അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇടപെടുന്ന ഇടങ്ങളിലൊക്കെ ആനന്ദത്തിന്റെ ഒരു തുള്ളി അവശേഷിപ്പിച്ചുകൊണ്ടാവും അവരുടെ മടക്കം. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് മനം മയക്കുന്ന ഇത്തരം വ്യക്തികളായിത്തീരാന്‍ ആരും ഒരു
വേള ആഗ്രഹിച്ചുപോകും. 'എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോയി' എന്ന ആത്മവിചാരണക്കും പലപ്പോഴുമത് നിമിത്തമാകാറുണ്ട്.

വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ടിക്കറ്റ് ക്യൂവില്‍ തള്ളിക്കയറുന്ന മാന്യ വേഷധാരികളെക്കണ്ടിട്ടില്ലേ. ആരാധനാലയത്തിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടിട്ടില്ലേ. സ്ഥലകാലബോധമില്ലാതെയും പെരുമാറ്റ മര്യാദകള്‍ മാനിക്കാതെയുമുള്ള ഇത്തരം പ്രവൃത്തികള്‍ ആളുകളില്‍ വെറുപ്പേ ഉളവാക്കൂ.
പ്രതിഭാശാലികളേക്കാള്‍ പോലും പലപ്പോഴും സമൂഹത്തില്‍ ആദരിക്കപ്പെടുക നല്ല പെരുമാറ്റത്തിനുടമകളായിരിക്കും. കാരണം കഴിവുകളിലധികവും ജന്മനാ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നല്ല പെരുമാറ്റം അങ്ങിനെയല്ല. ഓന്നൊന്നായി പടുത്തുയര്‍ത്തേണ്ടതാണ്. കണ്ടും കേട്ടും ഉന്നതമായി ചിന്തിച്ചും പടുത്തുയര്‍ത്തേണ്ടത്. സമാനമാണ് മോശം പെരുമാറ്റത്തിന്റെയും അവസ്ഥ. ആരും മോശക്കാരായല്ല ജനിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ മോശം വ്യക്തിയായി മാറുന്നതുമല്ല. മനസ്സാക്ഷിയെ ഹനിക്കുന്ന നൂറുനൂറ് ചെറു തെറ്റുകളിലൂടെയാണ് ഒരാള്‍ മോശം സ്വഭാവത്തിനുടമായാകുന്നത്. പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍ ഒന്നിനുമീതെ ഒന്നായി ഹൃദയത്തില്‍ നിറയുമ്പോഴാണ് ആളുകള്‍ പരുക്കനാകുന്നതും പ്രവൃത്തിയും പെരുമാറ്റവും ദുഷിക്കുന്നതും.

കൃത്രിമമായ ഉപചാരമര്യദകള്‍ പഠിക്കാന്‍ ആളുകള്‍ ഏറെ പണവും സമയവും ചെലവഴിക്കുന്ന കാലമാണിത്. അത് പഠിപ്പിച്ചുകൊടുക്കാന്‍ വലിയ ഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഉപചാരവാക്കുകള്‍ പഠിപ്പിക്കുന്നതിലും ശരീരഭാഷ പരിഷ്‌കരിക്കുന്നതിലും ഒതുങ്ങുന്നത്ര ഉപരിതല സ്പര്‍ശിയാണ്
പലപ്പോഴും അവ. പക്ഷേ പെരുമാറ്റം ഇത്തരം കൃത്രിമത്വങ്ങള്‍ക്ക് വഴങ്ങാറില്ല എന്നതാണ് വാസ്തവം. പഌസും പെര്‍ഫ്യൂമും പൗഡറുമൊന്നും പ്രയോജനപ്പെടില്ലെന്ന് സാരം. കാരണം അറിയാതെ അത് പുറത്തുചാടിപ്പോവും. വ്യത്യസ്തരായിരിക്കാന്‍ വേണ്ടി കോപ്രായങ്ങള്‍ കാണിക്കുന്ന ചിലയാളുകളുണ്ട്. നടപ്പിലും സംസാരത്തിലും ചിരിയിലുമൊക്കെ അടിമുടി കൃത്രിമത്വം അണിഞ്ഞ് നടക്കുന്നവര്‍. യഥാര്‍ത്ഥത്തില്‍ നല്ല പെരുമാറ്റത്തോളം മികച്ച വ്യത്യസ്തത വേറെയില്ല. ആഴത്തിലുള്ള അറിവില്‍ നിന്നാണ് മാന്യമായ പെരുമാറ്റമുണ്ടാകുന്നത്. ഏത് അന്തരീക്ഷത്തെയും അത് മധുരിതമാക്കും.

ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യതകൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം. നല്ല പെരുമാറ്റമോ സാമൂഹിക ഇടപാടുകളിലെ ലൂബ്രിക്കന്റും. നടപ്പും സംസാരവും ചിരിയും നോട്ടവുമൊക്കെയതില്‍ പെടും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാവരുത് എന്നതാണവയ്ക്കല്ലാം ബാധകമായ പൊതുപ്രമാണം. ഓരോരുത്തരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ച് പെരുമാറാന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാകുമെന്നതുകൊണ്ടാണത്. പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ അലിഖിത സാമൂഹിക നിയമങ്ങള്‍ക്കും പിന്നിലുള്ളതും ഈ തത്വം തന്നെയാണ്. പെരുമാറ്റ മര്യദകള്‍ പാലിക്കലും പരിഷ്‌കരിക്കലും സമൂഹാംഗങ്ങളെന്ന നിലക്ക് വ്യക്തികളുടെ ബാധ്യതയാണ്. കുറച്ച് ക്ഷമയും അല്‍പം കോമണ്‍ സെന്‍സുമേ അതിന് വേണ്ടൂ.

ആളുകളില്‍ നിന്ന് ഒരിക്കലും അഹങ്കാരത്തോടെ മുഖം തിരിച്ച് കളയാതിരിക്കുക. പകരം പുഞ്ചിരിയോടെ അവരെ സമീപിക്കുക. നടത്തത്തിലും വാഹനമോടിക്കുന്നതിലും എന്നും മിതത്വം പാലിക്കുക.
സംസാരത്തില്‍ സദാ എളിമ നിലനിര്‍ത്തുക. ജലം പോലെ താഴ്മയുള്ളവരാകുക എന്നാണ് ലാവോത്സു പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് അരോചകമാവുന്നത്ര ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക
. പൊതുസ്ഥലത്തെ ചിരിയും തര്‍ക്ക
വിതര്‍ക്കങ്ങളും മൊബൈല്‍സംസാരവുമൊക്കെ മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തുക. എതിര്‍ ലിംഗക്കാരുടെ ശരീരഭാഗങ്ങളിലേക്ക് തുളച്ചുകയറുന്ന തരം ലേസര്‍ നോട്ടങ്ങള്‍ ഒഴിവാക്കുക. ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതും പൊതുസ്ഥലത്ത് തുപ്പുകയും പുകവലിക്കുകയുമൊക്കെ ചെയ്യു
ന്നതും മോശം പെരുമാറ്റത്തിന്റെ ഗണത്തിലാണ് സമൂഹം പരിഗണിക്കുക.സ്വാതന്ത്ര്യത്തിന്റെയോ അവകാശത്തിന്റെയോ ന്യായത്തിലത് വെളുപ്പിക്കാനാവില്ല.

ജാഢയും പൊങ്ങച്ചവും ധാര്‍ഷ്ഠ്യവുമല്ല, നല്ലപെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക. സൗഹൃദം, സംരക്ഷണം, പിന്തുണ, ധനം, പ്രശസ്തി, സന്തോഷം അങ്ങിനെ മനുഷ്യന്‍ വിലമതിക്കുന്ന എല്ലാ നേട്ടങ്ങളിലേക്കുമുള്ള വാതിലാണത്.എന്നാല്‍ മോശം പെരുമാറ്റമോ? അത് ഭീരുവിന്റെ ശക്തിപ്രകടനമാണെന്നാണ്
എറിക് ഹോഫ്മാന്‍ പറയുന്നത്.





Thursday, June 2, 2011

പരദൂഷണം: ആളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനം



ലോകത്തിലെ പാതിജനങ്ങള്‍ക്ക് ചിലതൊക്കെ പറയാനുണ്ടാകും, പക്ഷേ അവര്‍ക്കതിന് കഴിയാറില്ല. മറുപാതിക്ക് ഒന്നും പറയാനുണ്ടാകില്ല, പക്ഷേ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും.
റോബര്‍ട്ട് ഫ്രോസ്റ്റ്

'എല്ലാവരും ചെയ്യും, പക്ഷേ ആരും അതേക്കുറിച്ച് സംസാരി
ക്കില്ല'2000 ല്‍ ഇറങ്ങിയ ഗോസിപ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ക്യാച്ച്‌വേഡാണിത്. ഗോസിപ്പും പരദൂഷണവും രണ്ടാണെന്ന് വാദമുണ്ടെങ്കിലും രണ്ടിന്റെയും പൊതുസവിശേഷത ആ വാചകത്തിലുണ്ട്. താനൊരു പരദൂഷകനോ ഗോസിപ്പുകാരനോ ആണെന്ന് ആരും സമ്മതിക്കില്ല, പക്ഷേ അത് പറയുന്ന കാര്യത്തിലോ എല്ലാവര്‍ക്കും നൂറുനാവുമാണ്. മനുഷ്യര്‍ക്കിടയിലെ ഇത്തരം
'വാ പോയ കോടാലികളെ'ക്കുറിച്ചാണ് റോബര്‍ട്ട് ഫ്രോസ്റ്റും ഗോസിപ്പ് എന്ന ചിത്രവുമൊക്കെ പറയുന്നത്.

മനുഷ്യന്റെ അതിപുരാതനായ ഒരു ദുശ്ശീലമാണ് ഈ പരദൂഷണപ്രവണത. അപരനെക്കുറിച്ചുള്ള ദുഷിച്ച വര്‍ത്തമാനമോ കിംവദന്തിയോ കേട്ടുകേള്‍വിയോ പ്രചരിപ്പിക്കലാണ
ത്. പലപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളായിരിക്കും ആ അലസഭാഷണത്തിന്റെ കാതല്‍. തെറ്റായ വിവരങ്ങളോ അപകീര്‍ത്തികരമായ കാര്യങ്ങളോ ആണ് അവയുടെ പൊതുസ്വഭാവം. രഹസ്യത്തിന്റെ ആടയാഭരണങ്ങളണിഞ്ഞാണ് പലപ്പോഴും അത് വിനിമയം ചെയ്യപ്പെടുക, കാതോട് കാതോരം. നാട്ടുവഴിയിലെ കലുങ്കും കല്യാണ വീടുകളുമൊക്കെയായിരുന്നു പണ്ട് പ്രധാന പരദൂഷണവേദികള്‍. മരണവീടുപോലും ഒഴിവാക്കാത്ത പരദൂഷണ പ്രൊഫഷണലുകളും പണ്ടേയുണ്ട് അക്കൂട്ടത്തില്‍. ഇന്ന് പരദൂഷണവും മോഡാണായിക്കഴിഞ്ഞു. മൊബൈലും ഇന്റര്‍നെറ്റും ചാറ്റിങ്ങുമൊക്കെയാണ് പരദൂഷകരുടെ പുതിയ താവളങ്ങള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ചാറ്റിങ് ചര്‍ച്ചകളും ഈമെയില്‍ ഫോര്‍വേഡുകളുമൊക്കെയായി പരദൂഷണം ദേശഭാഷാതിര്‍ത്തികള്‍ പോലും ഭേദിക്കുന്നു. സെലിബ്രിറ്റികളുടെ സ്വകാര്യ
ത വിറ്റ് ജീവിക്കുന്ന സ്ഥാപനവത്കൃത ഗോസിപ്പ് ഫാക്ടറികളും എമ്പാടുമുണ്ട്.
പരദൂഷണം വേഷമേതിട്ട് വന്നാലും അതിനോടുള്ള സമീപനമാണ് പ്രധാനം. കാരണം സ്വകാര്യതയും അഭിമാനവും ആരുടേതായാലും ഹനിക്കപ്പെടാന്‍ പാടില്ല. സീസറുടേതായാല്‍ പോലും. പരദൂഷണം ഒരു തരം ആക്രമണമാണ്. പറയപ്പെടുന്നയാളുടെ അസാന്നിധ്യത്തിലാണത് നടക്കുന്നത്. ഇരയാക്കപ്പെടുന്നയാള്‍ക്ക് പ്രതിരോധിക്കാന്‍ ഒരവസരവും നല്‍കാത്ത ഹീനമായ ആക്രമണം. അതുകൊണ്ടാണ് പരദൂഷണം സ്വന്തം സഹോദരന്റെ മൃതദേഹം ഭക്ഷിക്കുന്നത് പോലെ നീചമാണ് എന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത്. മരിച്ചയാള്‍ക്ക് തന്റെ നേര്‍ക്കുള്ള ആക്രമണത്തെ തടയാനാവില്ലല്ലോ. ഉള്ളതല്ലേ പറയുന്നത് എന്നാണ് പല പരദൂഷകരുടെയും ന്യായവാദം. അതേ, ഉള്ളത് പറയല്‍ ത
ന്നെയാണ് പരദൂഷണം. ഇല്ലാത്തത് പറയല്‍ കളവാണല്ലോ. പറയപ്പെടുന്നയാള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണോ നിങ്ങള്‍ അയാളെക്കുറിച്ച് പറയുന്നത്? എങ്കിലത് പരദൂഷണം തന്നെയെന്നുറപ്പിക്കാം. ഇനി സര്‍ഗാത്മക വിമര്‍ശനമെന്നാണ് വാദമെങ്കില്‍ അറിയുക, സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും അയാളോടുതന്നെയാണ് പറയേണ്ടത്. രഹസ്യമായി, ഗുണകാംഷയോടെ.
അപ്പോളയാള്‍ക്കത് തിരുത്താനാവും.

പെണ്ണുങ്ങളാണ് പണ്ടേ പരദൂഷണത്തിന്റെ കുത്തകക്കാര്‍. പക്ഷേ പഠനങ്ങള്‍ പറയുന്നത് പുരുഷന്മാരും ഒട്ടും മോശമല്ലെന്നാണ്. പ്രായപ്രകാരം പറഞ്ഞാല്‍ പരദൂഷണത്തിന്റെ പവര്‍ഹൗസുകള്‍ കൗമാരക്കാരാണ്. കാരണം പീര്‍ഗ്രൂപ്പ് കത്തിയടിയില്‍ അധികവും പരദൂഷണമാണെന്നതുതന്നെ. കൗമാരക്കാര്‍ക്കിടയില്‍ നല്ലതോ ചീത്തയോ ആയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും തകര്‍ക്കുന്നതിലും ഈ പീര്‍ഗ്രൂപ്പ് പരദൂഷണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.
ആത്മാഭിമാനക്കുറവാണ് പരദൂഷണപ്രവണതയുടെ പ്രധാന പ്രേരണ. അതേസമയം തന്നെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ ഉപോത്പന്നവുമാണത്. എന്തെന്നാല്‍ ഞാനും നീയും നല്ലവര്‍, മറ്റവന്‍ ചീത്ത എന്ന കൂട്ടത്തിലില്ലാത്തയാളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനമാണല്ലോ നാം അപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല ഉള്ളിന്റെയുള്ളിലെ അസൂയയും അപകര്‍ഷവും കൂടിയാണ് പരദൂഷണം പറയുമ്പോള്‍ പുറത്തുവരുന്നത്.

ഇനി പരദൂഷണത്തിന്റെ പ്രത്യാഘാതം നോക്കൂ. അത് നശിപ്പിക്കുന്നത് മൂന്നുപേരെയാണ്. പരദൂഷണത്തിന് ഇരയാകുന്നയാളെ മാത്രമല്ല.
പറയുന്നയാളെയും, കേള്‍ക്കുന്നയാളെയും കൂടിയാണ്. അത് കുടും
ബങ്ങള്‍ തകര്‍ക്കും, വ്യക്തി ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകളുണ്ടാക്കും, ഹൃദയങ്ങളെ മുറിപ്പെടുത്തും. ഉറക്കമില്ലാത്ത രാത്രികളും ദുഖവുമൊക്കെ അത് സമ്മാനിക്കും. കത്താന്‍ തടിയില്ലെങ്കില്‍ തീ അണയുന്നതുപോലെ പരദൂഷണമില്ലെങ്കില്‍ ഏത് കലഹവും ശമിക്കുമെന്നാണ് ബൈബിള്‍ പറയുന്നത്. കൊലപാതകിയുടെ കത്തിയും പരദൂഷകന്റെ നാവും സഹോദരങ്ങളെ
ന്നപോലെയായതുകൊണ്ടാണ് പരദൂഷണം പാപവും ഹിംസയുമായി ഹൈന്ദവ, ജൈന ബുദ്ധമതങ്ങളൊക്കെ പരിഗണിക്കുന്നത്. പരദൂഷ
ണത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനശ്ശാസ്ത്രം പറയുന്നത് ഇങ്ങിനെയാണ്. മറ്റൊരാളെക്കുറിച്ച് കേള്‍ക്കുന്ന മോശമായ വാക്കുകള്‍ നമ്മുടെ അബോധമനസ്സില്‍ നിലനില്‍ക്കും. പിന്നീട് അയാളില്‍ നിന്ന് നല്ലത് കണ്ടാലോ കേട്ടാലോ പോലും പലപ്പോഴും നമ്മുടെ അന്തരംഗം അത് നിരാകരിക്കും. തെറ്റ് കണ്ടാലേ അത് നേരത്തേ കേട്ട മോശം വാക്കുകളോട് ചേര്‍ത്തുവെക്കും. മാത്രമല്ല അതിന് വീണ്ടും വീണ്ടും തെളിവുകള്‍ തേടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇനി നാം മോശമായി കാണുന്ന ഒരാ
ളോട് എങ്ങിനെയായിരിക്കും നമ്മുടെ പെരുമാറ്റം എന്നാലോചിച്ച് നോക്കൂ. തീര്‍ച്ചയായും നല്ലതായിരിക്കില്ല. മോശം പെരുമാറ്റം സദാ അനുഭവിക്കുന്ന അയാളുടെ നമ്മോടുള്ള പെരുമാറ്റമോ? അതും മോശമാകാതെ തരമില്ല. ബന്ധം നശിക്കുവാന്‍, പരസ്പരം ശത്രുക്കളാവാന്‍, വീണ്ടും വീണ്ടും പരസ്പരം പരദൂഷണം പറയാന്‍ ഇതില്‍പരം മറ്റെന്തുവേണം. പരദൂഷണത്തിന്റെ ചെറുവിത്ത് മുളപൊട്ടി വളര്‍ന്ന് വലുതായി കുഴപ്പങ്ങളുടെ കാര്‍മേഘങ്ങള്‍ തീര്‍ക്കുന്നതങ്ങിനെയാണ്. മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ആരും ഗോസിപ്പ് പറയാറില്ലെന്ന് ബട്രന്റ് റസ്സല്‍ പറഞ്ഞത് എത്ര ശരിയാണ്. പരസ്പരം അഭിമാനം സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്തരാണ്. അപ്പോഴേ മനുഷ്യ ബന്ധങ്ങള്‍ ഉന്നതമാവൂ.അതിനുള്ള നല്ല വഴി നല്ലത് മാത്രം പറയുക എന്നതാണ്, പറയാന്‍ ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കുക.

പരദൂഷണത്തിന്റെ മുറിവുകള്‍ വ്യക്തമാക്കുന്ന ഒരു കഥ പറഞ്ഞ് നിറുത്താം. രണ്ട് കൗമാരക്കാരികള്‍, ഇരുവരും ഉറ്റമിത്രങ്ങള്‍. ഒരിക്കല്‍ ചെറിയൊരു കാര്യത്തിന് ഇരുവരും പിണങ്ങി. പരസ്പരം ശത്രുതയായി. സുഹൃത്തിനെക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണം പറയലായി പിന്നെ ഇരുവരുടെയും പരിപാടി. നാളുകളേറെക്കഴിഞ്ഞ് ഒരു നാള്‍ ഇരുവരും പിണക്കം മാറി വീണ്ടും സുഹൃത്തുക്കളായി. പരസ്പരം പറഞ്ഞുകൂട്ടിയ പരദൂഷണങ്ങളോര്‍ത്ത് അപ്പോള്‍ അവര്‍ക്ക് പശ്ചാത്താപമായി. അങ്ങിനെ ഇരുവരും ഒരു ജ്ഞാനിയെക്കണ്ട് പരിഹാരമന്വേഷിച്ചു. അദ്ദേഹം ഇരുവര്‍ക്കും തൂവലുകള്‍ കൊണ്ട് നെയ്ത രണ്ട് പൂക്കൂടകള്‍ നല്‍കി. എന്നിട്ട് കാറ്റടിച്ചു വീശുന്ന തൊട്ടടുത്ത
കുന്നിന്‍ മുകളില്‍ പോയി കൂടയിലെ ഒരോ തൂവലുമെടുത്ത് കാറ്റില്‍ പറത്തി വിടാനാവശ്യപ്പെട്ടു. ഓരോ തൂവലും നിങ്ങള്‍ പറഞ്ഞ ഓരോ പരദൂഷണവുമാണെന്ന് കരുതുക, അദ്ദേഹം ഓര്‍മിപ്പിച്ചു. തൂവലുകളെല്ലാം തീരുമ്പോള്‍ തിരിച്ചുവരാനും. ഒടുവില്‍ തൂവലുകള്‍ തീര്‍ന്നപ്പോള്‍ എത്രമാത്രം പരദൂഷണങ്ങളാണ് തങ്ങള്‍ പറഞ്ഞതെന്നോര്‍ത്ത് ഇരുവരും കുണ്ഠിതപ്പെട്ട് ജ്ഞാനിയുടെയടുത്ത് മടങ്ങിയെത്തി. അദ്ദേഹം
പറഞ്ഞു, തീര്‍ന്നില്ല പരദൂഷണം വരുത്തിവെച്ച തകരാറുകള്‍ പരിഹരിക്കലാണ് ഇനി വേണ്ടത്. കുന്നിന്‍മുകളില്‍ പോയി കാറ്റത്ത് പാറിപ്പോയ മുഴുവന്‍ തൂവലുകളും കണ്ടെത്തി തിരികെക്കൊണ്ടുവന്ന് അവ പഴയ പൂക്കൂടയാക്കി മാറ്റുക. ഒന്നുപോലും നഷ്ടപ്പെടരുത്. കാരണം ഒരോ തൂവലും ഒരു പരദൂഷണമാണ്. മറ്റയാളെ മുറിപ്പെടുത്തിയ വാക്കുകള്‍. എല്ലാ തൂവലും തിരികെക്കിട്ടുമ്പോഴേ അവയുണ്ടാക്കിയ ക്ഷതങ്ങളും പൂര്‍ണമായും മായ്ക്കപ്പെടൂ.

Wednesday, June 1, 2011

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍




വിവാഹത്തിന് ഒരുങ്ങുന്ന ഒരു കാമുകനും കാമുകിക്കുമിടയിലെ പ്രണയ മധുരം നിറഞ്ഞ സംഭാഷണമാണിത്.

കാമുകന്‍: അതെ.... ഇനിയും വയ്യ... ഈ കാത്തിരിപ്പ്
കാമുകി: ഞാന്‍ നിന്നെ പിരിയണമെന്ന് നീ ആഗ്രഹിക്കുന്നോ?
കാമുകന്‍: ഒരിക്കലുമില്ല, അങ്ങിനെ ചിന്തിക്കാന്‍ കൂടി വയ്യ
കാമുകി: ശരിക്കും നീയെന്നെ പ്രേമിക്കുന്നുണ്ടോ?
കാമുകന്‍: തീര്‍ച്ചയായും. എല്ലായ്‌പ്പോഴും..
കാമുകി: നീ എന്നെ എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോ?
കാമുകന്‍: ഒരിക്കലുമില്ല, എന്താണ് നീ അങ്ങിനെ ചോദിക്കുന്നത്.
കാമുകി: നീയെന്നെ ചുംബിക്കുമോ?
കാമുകന്‍: ചോദിക്കാനുണ്ടോ. കിട്ടുന്ന ഏതവസരത്തിലും ഞാന്‍ നിന്നെ..
കാമുകി: നീ എന്നെ ഉപദ്രവിക്കുമോ
കാമുകന്‍: ഏയ് ഒരിക്കലുമില്ല. ഞാനത്തരക്കാരനേയല്ല.
കാമുകി: എനിക്ക് നിന്നെ വിശ്വസിക്കാമോ
കാമുകന്‍: എന്താ അങ്ങിനെ പറയുന്നേ
കാമുകി: പ്രിയപ്പെട്ടവനേ..

ഇനി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമുള്ള അവരുടെ സംഭാഷണം കേള്‍ക്കണോ? ഈ സംഭാഷണം തന്നെ താഴെ നിന്ന് മുകളിലേക്ക് വായിക്കുകയേ വേണ്ടൂ...

വാക്കുകളില്‍ നിന്ന് എത്രയെളുപ്പമാണ് പ്രണയ മധുരം ചോര്‍ന്ന് കലഹത്തിന്റെ ചവര്‍പ്പ് നിറയുന്നതെന്ന് കണ്ടില്ലേ. 'പ്രണയം അന്ധമാണ്, വിവാഹമാണ് അതിന് കാഴ്ച നല്‍കുന്നതെന്ന സാമുവല്‍ ലിച്ചന്‍ബര്‍ഗിന്റെ വാക്കുകളില്‍ അതിന്റെ പൊരുളുണ്ട്.
കലഹം പലവിധമുലകില്‍ സുലഭം എന്നപോലെ ദാമ്പത്യവും കലഹസമൃദ്ധമാണ്. കലഹിക്കാത്ത ദമ്പതികളെത്തേടിയാല്‍ ബുദ്ധ നിര്‍ദേശപ്രകാരം ആരും മരിക്കാത്ത വീട്ടില്‍ നിന്ന് കടുക് തേടിപ്പോയ അമ്മയുടെ അവസ്ഥയിലാകും നാം. അത്രമേല്‍ കലഹം മനുഷ്യസഹജമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍. വിവാഹത്തിന്റെ ആദ്യവര്‍ഷം പുരുഷന്‍ സംസാരിക്കും സ്ത്രീ കേള്‍ക്കും, രണ്ടാം വര്‍ഷം സ്ത്രീ സംസാരിക്കും പുരുഷന്‍ കേള്‍ക്കും, മൂന്നാം വര്‍ഷം ഇരുവരും സംസാരിക്കും നാട്ടുകാര്‍ കേള്‍ക്കും എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്.

ദാമ്പത്യം ഒരു കൂടിച്ചേരലാണ്. ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി ബല്യ ഒന്നാകുന്നത് പോലെയുള്ള ഒരു കൂടിച്ചേരല്‍. രണ്ട് വഴികളിലൊഴുകിയ പുഴകള്‍ ഒന്നായി ഒരു പുഴയാകുന്ന ആ പൊരുത്തത്തില്‍ തീര്‍ച്ചയായും ചു
ഴികളുണ്ടാവും. ഇളക്കവും ഇടര്‍ച്ചകളും ഇടക്കിടെയുണ്ടാകും. ചിലപ്പോള്‍ കലങ്ങിയും കലുഷമായും ഒഴുകും. അത് സ്വാഭാവികമാണ്. മുള്ളില്ലാത്ത മീന്‍ തേടുന്നത് പോലെ വ്യര്‍ത്ഥമാണ് വഴക്കുകളില്ലാത്ത ദാമ്പത്യത്തെ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതും.

യഥാര്‍ത്ഥത്തില്‍ വഴക്കിടാത്തവരെയാണ് പേടിക്കേണ്ടത്. സമൂഹത്തില്‍ അവര്‍ മാതൃകാ ദമ്പതികളായിരിക്കും. വിജയകരമായ ദാമ്പത്യത്തിന്റെ സില്‍വര്‍ ജൂബിലിയും അവര്‍ ആഘോഷിച്ചിട്ടുണ്ടായിരിക്കും. പക്ഷേ ഒരിക്കലും വഴക്കിടാത്ത ഇത്തരം ദമ്പതികളുടെ അവസ്ഥ അഗ്നിപര്‍വത സമാനമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. അഭിപ്രായ ഭിന്നതകളെ മൂടിവെക്കുമ്പോള്‍, ദേഷ്യം അടക്കിവെക്കുമ്പോള്‍ നമ്മുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്, ആയുസ്സാണ് കുറയുന്നത.് മനസ്സില്‍ വിദ്വേഷത്തിന്റെ അണകള്‍ കെട്ടുന്നവര്‍ പുറമേ ഏറെ അടുപ്പമുള്ളവരായി തോന്നാമെങ്കിലും ഏറെ അകലെയായിരിക്കും. വിദ്വേഷത്തിന്റെ വിരേചനമാണ് വഴക്കുകള്‍. കലഹം ശാരീരിക പീഡനമാകാത്തിടത്തോളം ആരോഗ്യകരമാണ്. അത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കും. വഴക്കുകള്‍ വഴക്കിട്ട് തന്നെ തീര്‍ക്കണം. ഈ വഴക്കുകള്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാനു
ള്ള അവസരങ്ങളുമാണ്. വഴക്കുണ്ടായാലേ വഴക്കമുണ്ടാവൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ.

പക്ഷേ വഴക്ക് മൂര്‍ച്ഛിക്കാതെയും കൈയ്യാങ്കളിയിലെത്താതെയും നോക്കണമെന്നുമാത്രം. ദാമ്പത്യത്തിലെ പിണക്കങ്ങളെ ഒരിക്കലും ഗുരുതരമാക്കരുത്. ദാമ്പത്യപ്പിണക്കങ്ങളെ സൗന്ദര്യപ്പിണക്കമെന്ന് പണ്ടേ വിളിക്കുന്നതിന് പിന്നിലെ യുക്തിയും അതാണ്. ദാമ്പത്യത്തിലെ വഴക്കുകളെ പര്‍വതീകരിക്കരുതെന്ന പാഠമാണ് ആ വിളിയിലുള്‍ച്ചേര്‍ന്നിരിക്കുന്നത്. വഴക്കിനെ വഴക്കായി ഉള്‍ക്കൊണ്ട് പരിഹരിക്കുന്നതിലാണ് ദമ്പതികള്‍ മിടുക്ക് കാണിക്കേണ്ടത്. അപ്പോള്‍ ദാമ്പത്യത്തിന്റെ മാറ്റും ദൃഢതയും കൂടും. പക്ഷേ ചെറുചെറു വഴക്കുകള്‍ പോലും വിവാഹമോചനത്തിലെത്തുകയാണിന്ന്. എന്തുകൊണ്ടാണിത്. വഴക്കിടുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പോലും ദമ്പതികള്‍ മറക്കുന്നതാണ് കാരണം. വഴക്കിടുന്നതിനുമുണ്ട് ചില പ്രോട്ടോക്കോളുകള്‍. ദാമ്പത്യത്തിലെ വഴക്ക് വഷളായാല്‍ അത്രയോറെ മോശവും മാരകവുമായ പോരാട്ടം വേറെയുണ്ടാകില്ല. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം ആദ്യ ഭാര്യയുമായുള്ളതായിരുന്നു' എന്ന് എക്കാലത്തെയും മഹാനായ ബോക്‌സിങ് ചാമ്പ്യന്‍ മു
ഹമ്മദാലി ക്‌ളേയെക്കൊണ്ട് പറയിപ്പിച്ചത് അതാണ്.
ദാമ്പത്യത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ചില തിരുത്തലുകള്‍ വേ
ണം.
ത്യ സുസ്ഥിരതയ്ക്ക് വേണ്ടത് അഗാധ സൗഹൃദമാണ്. ഭാര്യ, ഭര്‍ത്താവ് എന്നതരത്തിലുള്ള പദവികള്‍ ചിലപ്പോഴെങ്കിലും അ
തി
ന് തടസ്സമാകുന്നുണ്ട്. പകരം ഇണകളെന്ന നിലക്ക് പരസ്പരം സങ്കല്‍പിച്ചുനോക്കൂ. ഭരണാധികാരിയും ഭരണീയയും എന്ന ബന്ധത്തിന് പകരം വേണ്ടത് ഇണയും തുണയുമെന്ന ഹൃദയാടുപ്പമാണ്. ഇടതും വലതും ചെരിപ്പുകള്‍ പോലെ ഒന്നിച്ചു നി
ല്‍ക്കുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന ജൈവികതയാണ് ആണിലും പെണ്ണിലുമുള്ളത്.

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
  • വിയോജിപ്പും വിദ്വേഷവും അപ്പപ്പോള്‍ വഴക്കിട്ട് തീര്‍ക്കുക. വെച്ചുകൊണ്ടിരിക്കരുത്.
  • ഇണയുടെ വികാരങ്ങളോട് സഹിഷ്ണുത പുലര്‍ത്തുക, മികച്ച കേള്‍വിക്കാരനാവുക.
  • വഴക്കിടുമ്പോള്‍ ക്രൂരവും കഠിന വേദനയുണ്ടാക്കുന്നതുമായ വാക്കുകള്‍ ഉപയോഗിക്കരുത്.
  • അര്‍ത്ഥം അറിഞ്ഞേ വാക്കുകള്‍ ഉപയോഗിക്കാവൂ.
  • സംസാരം വിഷയത്തിലൊതുങ്ങി നില്‍ക്കണം, കാടുകയറരുത്.
  • ഒരു കാര്യത്തിന് ഒരു വഴക്ക് എന്ന നിബന്ധന പാലിക്കണം.
  • ഒന്നില്‍തുടങ്ങി ഒരായിരം കാര്യങ്ങള്‍ പറഞ്ഞ് അലമ്പാക്കരുത്.
  • വഴക്ക് 48 മണിക്കൂറിലധികം നീണ്ടുനില്‍ക്കരുത്.
  • വഴക്ക് തുടങ്ങിയാല്‍ തീര്‍ക്കണം, വാക്കൗട്ടും മൗനവും പാടില്ല.
  • വഴക്ക് തീര്‍ത്ത് സമ്മതിച്ചേ പിരിയാവൂ.
  • വഴക്കിനിടയിലേക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് കുടുംബാംഗങ്ങളെ വലിച്ചിഴക്കരുത്.
  • വഴക്കിടുമ്പോള്‍ പങ്കാളിയുടെ കൈപിടിക്കുക( വഴക്കിന്റെ ആഴം കുറയാനും തല്ല് കിട്ടാതിരിക്കാനും ഒരു പോലെ ഉപകരിക്കും)
  • വഴക്കിന്റെ ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ ഫൗള്‍ വിളിക്കുക.
  • വഴക്കിലെ തമാശകള്‍ ആസ്വദിക്കുക.